LiveTV

Live

National

ഹേമന്ത് കര്‍ക്കരക്കെതിരായ വിവാദ പരാമര്‍ശം; പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു

 ഹേമന്ത് കര്‍ക്കരക്കെതിരായ  വിവാദ പരാമര്‍ശം;  പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു

ഹേമന്ത് കര്‍ക്കരക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു. സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു രംഗത്ത് വന്നത്. മാലേഗാവ് സ്ഫോടന കേസ് പ്രതിയായ പ്രഗ്യാസിങ് ഠാക്കൂര്‍ ഭോപാലില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ഥിയായ ശേഷമാണ് വിവാദപ്രസ്താവന നടത്തിയത്. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടാന്‍ കാരണം തന്‍റെ ശാപമാണെന്നായിരുന്നു പ്രഗ്യാസിങ് ഠാക്കൂറിന്‍റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷ വിമര്‍ശവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ക്കരെ രാജ്യത്തിന്‍റെ രക്തസാക്ഷിയാണ്. ഉത്തരവാദിത്വ നിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചത് മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം കൂടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു. വിഷയം വിവാദമായതോടെ കര്‍ക്കരെയുടെ ത്യാഗത്തെ പാര്‍‍ട്ടി വിലമതിക്കുന്നുവെന്ന വിശദീകരണവുമായി ബിജെപി രംഗത്തെത്തി. സമ്മര്‍ദം ശക്തമായതോടെ പ്രഗ്യാസിങ് ഠാക്കൂര്‍ തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തുകയായിരുന്നു. ദേശവിരുദ്ധര്‍ സന്തോഷിക്കുമെന്നതിനാല്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നായിരുന്നു സ്വാധിയുടെ ക്ഷമാപണം.

ബി.ജെ.പി സ്ഥാനാര്‍ഥി സ്വാധി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ മാലേഗാവ് സ്ഫോടനകേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതിയായത്. കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വാധിയെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് സ്ഫോടനത്തില്‍ ഇരയായവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജി എന്‍.ഐ.എ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്.