LiveTV

Live

National

ഹേമന്ത് കര്‍ക്കരയെ അപമാനിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

ഹേമന്ത് കര്‍ക്കരയെ അപമാനിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ അധിക്ഷേപിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാസിങ് ഠാക്കൂര്‍. കര്‍ക്കരെ കൊല്ലപ്പെട്ടത് തന്‍റെ ശാപം മൂലമാണെന്നാണ് മാലേഗാവ് സ്ഫോടന കേസ് പ്രതിയായ പ്രഗ്യാസിങിന്റെ പ്രസ്താവന. ഭോപ്പാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി യായ പ്രഗ്യാ സിങിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വ്യക്തിപരമായ പരാമര്‍ശമാണെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

മാലേഗാവ് സ്ഫോടന കേസ് പ്രതിയായ പ്രഗ്യാസിങ് ഠാക്കൂര്‍ ഭോപാലില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ഥിയായതിന് ശേഷമാണ് വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടാന്‍ കാരണം തന്‍റെ ശാപമാണെന്നായിരുന്നു പ്രഗ്യാസിങ് ഠാക്കൂറിന്‍റെ പ്രസ്താവന.

ഇതിനെതിരെ രൂക്ഷ വിമര്‍ശവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ക്കരെ രാജ്യത്തിന്‍റെ രക്തസാക്ഷിയാണ്. തന്‍റെ ഉത്തരവാദിത്വ നിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി അപമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദ്വിഗ് വിജയ് സിങ് കുറ്റപ്പെടുത്തി. ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം കൂടിയാണെന്നും സിങ് ആരോപിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ മാലേഗാവ് സ്ഫോടന കേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതിയായത്.