LiveTV

Live

National

‘മോദിമാരെല്ലാം കള്ളന്‍മാരായതെങ്ങനെ’; രാഹുലിനെതിരെ ലളിത് മോദി

കള്ളൻമാരുടെ പേരിന്റെ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദിയെന്നുള്ളത് എന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ചോദിച്ചത്

‘മോദിമാരെല്ലാം കള്ളന്‍മാരായതെങ്ങനെ’; രാഹുലിനെതിരെ ലളിത് മോദി

രാജ്യത്തെ കള്ളൻമാർക്കെല്ലാം ‘മോദി’ എന്ന പേരുള്ളത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ലളിത് മോദി. രാഹുൽ ഗാന്ധിക്കെതിരെ നിയമപരമായി നടപടിയെടുക്കും എന്ന് പറഞ്ഞ മുൻ ഐ.പി.എൽ മേധാവി, ഗാന്ധി കുടുംബത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

കള്ളൻമാരുടെ പേരിന്റെ കൂടെയെല്ലാം എന്തുകൊണ്ടാണ് മോദിയെന്നുള്ളത് എന്നായിരുന്നു മഹാരാഷ്ട്രയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്ത് വരാനിരിക്കുന്നു എന്ന് ആർക്കും അറിയില്ലെന്നും രാഹുൽ പറഞ്ഞു.

ഇതാണ് ലളിത് മോദിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷന് ചേർന്ന പ്രയോഗമല്ല രാഹുൽ ഗാന്ധി നടത്തിയതെന്ന് പറഞ്ഞ ലളിത് മോദി, അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ കൊള്ളയടിച്ച കുടുംബം ആരാണെന്ന് ലോകത്തിന് അറിയാമെന്നും പരിഹസിച്ചു.

ഐ.പി.എൽ മേധാവിയായിരിക്കെ, സാമ്പത്തിക തട്ടിപ്പിനും, നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി തുടർന്ന് ഇന്ത്യ വിടുകയായിരുന്നു. ലണ്ടനിൽ താമസിക്കുന്ന മോദിയെ തിരികെ കിട്ടാനുള്ള ഇന്ത്യൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പക്ഷെ നിരസിക്കപ്പെടുകയുണ്ടായി. നേരത്തെ, രാഹുൽ ഗാന്ധിയുടെ കാവൽക്കാരൻ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെയും ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.