LiveTV

Live

National

പ്രണബ് മുഖര്‍ജിയുടെ മകനെ ജയിപ്പിക്കാന്‍ ബി.ജെ.പി ഒത്തുകളിക്കുന്നുവെന്ന് ആരോപണം

മകന്റെ വിജയത്തിനായി പ്രണബ് ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് എതിരാളികള്‍ ആരോപിക്കുന്നു.

പ്രണബ് മുഖര്‍ജിയുടെ മകനെ ജയിപ്പിക്കാന്‍ ബി.ജെ.പി  ഒത്തുകളിക്കുന്നുവെന്ന് ആരോപണം

മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മണ്ഡലമായിരുന്ന ജംഗിപ്പൂരില്‍ മകന്‍ അഭിജിത് മുഖര്‍ജി രണ്ടാമൂഴത്തിനുള്ള പോരാട്ടത്തിലാണ്. പിതാവിന്റെ പ്രശസ്തിക്കപ്പുറം മറ്റൊന്നും എടുത്തു പറയാനില്ലാത്ത അഭിജിത്ത് കടുത്ത ജനരോഷമാണ് നേരിടുന്നത്. മകന്റെ വിജയത്തിനായി പ്രണബ് ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് എതിരാളികള്‍ ആരോപിക്കുന്നു.

ബംഗ്ളാദേശ് അതിര്‍ത്തിയിലുള്ള ജംഗിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും സി.പി.എമ്മും കോണ്‍ഗ്രസും ഏഴ് തവണ വീതം വിജയിച്ചു കയറിയിട്ടുണ്ട്. 2004 മുതല്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്.

പ്രണബ് രാഷ്ട്രപതിയാകുന്നതിനു മുമ്പുള്ള കാലത്ത് പോലും എം.പി ലാഡ് ഫണ്ടുകള്‍ നല്ലൊരു വിഹിതവും ഓരോ അഞ്ചു വര്‍ഷവും പാഴായി പോകാറായിരുന്നു പതിവ്. പ്രണബിനു ശേഷം മണ്ഡലത്തില്‍ നിന്നും ജയിച്ച മകന്‍ അഭിജിത്തിനും ജംഗിപ്പൂരില്‍ മാറ്റം കൊണ്ടുവരാനായിട്ടില്ല. സി.പി.എമ്മിന്റെ മണ്ഡലത്തിലെ ജനപിന്തുണ ഏതാണ്ട് നഷ്ടപ്പെട്ട ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുഖ്യ എതിരാളികള്‍.

എന്നാല്‍ ഇത്തവണ അഭിജിത്തിനെ ജയിപ്പിക്കാനായി ബി.ജെ.പി ഒത്തുകളിക്കുന്നുണ്ടെന്നാണ് ജംഗിപ്പൂരില്‍ ആരോപണമുയരുന്നത്. ‘’ബി.ജെ.പി ഇവിടെ രംഗത്തിറക്കിയത് മഹ്ഫൂസ എന്ന മുസ്‌ലിം വനിതയെ ആണ്. എന്തിനു വേണ്ടി? അവര്‍ക്ക് മുസ്‌ലിം വോട്ടുകള്‍ ലഭിക്കാന്‍ പോകുന്നില്ല. എന്നാല്‍ ബി.ജെ.പിയുടെ ഹിന്ദു വോട്ടുകള്‍ അഭിജിത്തിലേക്ക് ചോരുകയും ചെയ്യും. പ്രണബ് മുഖര്‍ജിയും ആര്‍.എസ്.എസും തമ്മില്‍ അടുത്ത കാലത്തുണ്ടാക്കിയ ധാരണയുടെ ഭാഗമായി ബി.ജെ.പി നടത്തുന്ന തന്ത്രപരമായ നീക്കമാണിത്’’- അവര്‍ ആരോപിക്കുന്നു.

ഭരണ സ്വാധീനം ഉപയോഗിച്ച് എതിരാളികളെ ഭീഷണിപ്പെടുത്താനും മണ്ഡലത്തില്‍ ഭീതി വിതക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും അടിയൊഴുക്കുകളാണ് ഈ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്.