LiveTV

Live

National

നോട്ടിന് പകരം വോട്ട്, തെരഞ്ഞെടുപ്പ് കാലത്തെ തമിഴ്നാട്ടിലെ ദുശ്ശീലം

രാജ്യത്ത് ആദ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഇത്തരത്തില്‍ റദ്ദാക്കുന്നത്.

നോട്ടിന് പകരം വോട്ട്, തെരഞ്ഞെടുപ്പ് കാലത്തെ തമിഴ്നാട്ടിലെ ദുശ്ശീലം

തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ഥി വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഇത്തരത്തില്‍ റദ്ദാക്കുന്നത്. ഇതോടെ നോട്ടിന് പകരം വോട്ടെന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ദുശ്ശീലം ഒരിക്കൽകൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു

ഡി.എം.കെ ട്രഷറര്‍ ദുരൈ മുരുകന്‍റെ മകനാണ് വെല്ലൂരിലെ സ്ഥാനാര്‍ഥിയായ ഡി.എം കതിര്‍ ആനന്ദ്. അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ സിമന്‍റ് ഗോഡൌണില്‍ നിന്നും 11.53 കോടി രൂപയാണ് കണ്ടെത്തിയത്. ഇതാകട്ടെ വോട്ടര്‍മാരുടെ പേരും ബൂത്ത് നമ്പറും എഴുതിയ നിലയിലായിരുന്നു. കതിര്‍ ആനന്ദിനെതിരെ കേസെടുത്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി വെല്ലൂരിലെ വോട്ടെടുപ്പ് നടപടികള്‍ റദ്ദാക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വെല്ലൂരില്‍ തെരഞ്ഞെടുപ്പ് നടക്കുക.

വെല്ലൂരിലെ ഡി.എം.കെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദ്
വെല്ലൂരിലെ ഡി.എം.കെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി mediaonetv.inന്‍റെ ‘വോട്ട് യാത്ര’ തമിഴ്നാട്ടില്‍ ചെന്നൈ സെന്‍ട്രല്‍, നീലഗിരി, ശിവഗംഗ, തൂത്തുക്കുടി, കന്യാകുമാരി എന്നീ മണ്ഡലങ്ങളിലാണ് എത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പണവും മറ്റ് ഉപഹാരങ്ങളും നല്‍കുക പതിവാണെന്ന് സമ്മതിച്ചത് നിരവധി പേരായിരുന്നു.

നീലഗിരിയില്‍ നിന്നും ശിവഗംഗയിലേക്കുള്ള യാത്രക്കിടെ ഈറോഡിലെ ന്യൂ ആര്യാസ് ഹോട്ടലില്‍ വെച്ചാണ് പട്ടാമ്പി സ്വദേശി ശശിയുമായി സംസാരിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളിലും വോട്ടിന് പകരം ‘ഉപഹാരങ്ങള്‍’ കൊടുക്കുന്ന രീതി തമിഴ്നാട്ടില്‍ വ്യാപകമാണെന്ന് പറഞ്ഞ ശശി ഒരു അനുഭവവും പങ്കുവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. വോട്ടെടുപ്പ് ദിവസം അടുത്തുള്ള ഗ്രാമങ്ങളിലുള്ളവര്‍ രാവിലെ വാതില്‍ തുറന്നപ്പോള്‍ പുറത്ത് അരിച്ചാക്ക് ഇരിക്കുന്നതാണ് കണ്ടത്! അത് ചെയ്ത രാഷ്ട്രീയക്കാര്‍ പിന്നീട് ഇവരെ ഫോണില്‍ വിളിച്ചും മറ്റും ഇക്കാര്യം പറയുകയും ചെയ്തു.

ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

നേരത്തെയും തമിഴ്നാട്ടില്‍ നോട്ടിന് പകരം വോട്ട് വിവാദം ഉയര്‍ന്നിട്ടുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ആദായ നികുതി പരിശോധനക്കിടെ 100 കോടി പിടിച്ചെടുത്തതിനാല്‍ അരുവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍കെ നഗറിലും അനധികൃതമായി പണം വോട്ടര്‍മാര്‍ക്ക് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു തവണ തെരഞ്ഞെടുപ്പ് മാറ്റി. അന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കറിന്‍റെ വീട്ടില്‍ നിന്നും 89 കോടി രൂപയാണ് പിടിച്ചെടുത്തത്.

വെല്ലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളിലൊന്നില്‍ നിന്ന് പിടിച്ചെടുത്ത പണം
വെല്ലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളിലൊന്നില്‍ നിന്ന് പിടിച്ചെടുത്ത പണം

വോട്ടിന് പകരം നോട്ട് മാത്രമല്ല പല രൂപത്തിലും ഉപഹാരങ്ങള്‍ നല്‍കുന്ന പതിവ് തമിഴ്നാട്ടിലുണ്ടെന്ന് ശിവഗംഗയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജരത്നം പറയുന്നു. 2000 - 3000 രൂപയുടെ ഇന്ധന കൂപ്പണുകളാണ് 2016ലെ തെരഞ്ഞെടുപ്പിനിടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളും അടച്ച് സീല്‍ വെച്ചിരുന്നു. അതേസമയം എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വ്യാപകമായി പണവും ഉപഹാരങ്ങളും നല്‍കുന്നുണ്ടെങ്കിലും അതിനെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നും രാജരത്നം പറയുന്നു.

വോട്ടെടുപ്പിന്‍റെ തലേന്ന് ശിവഗംഗ ജില്ലാ ആസ്ഥാനത്ത് സുരക്ഷാ ജോലികള്‍ക്കായി പോകാന്‍ ഒരുങ്ങിയിരിക്കുന്ന പൊലീസ്
വോട്ടെടുപ്പിന്‍റെ തലേന്ന് ശിവഗംഗ ജില്ലാ ആസ്ഥാനത്ത് സുരക്ഷാ ജോലികള്‍ക്കായി പോകാന്‍ ഒരുങ്ങിയിരിക്കുന്ന പൊലീസ്

നീലഗിരിയില്‍ വെച്ച് കണ്ടുമുട്ടിയ ടി.ടി.വി ദിനകരന്‍റെ എ.എം.എം.കെ പാര്‍ട്ടി അനുഭാവിയായ ശ്രീദേവി പറയുന്നത് പല വോട്ടര്‍മാരും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് പറയുന്നവരാണെന്നാണ്. മിക്കപ്പോഴും വോട്ടെടുപ്പിന് തൊട്ടു മുമ്പുള്ള മണിക്കൂറുകളിലാകും ഇത് നടക്കുക. അല്ലെങ്കില്‍ ആദ്യം പണം നല്‍കിയവരെ മറന്നാലോ?! ഇത്തവണ ഒരു രാഷ്ട്രീയ പാര്‍ട്ടി ടേബിള്‍ ഫാനുകളാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയതെന്നും ശ്രീദേവി.

ശിവഗംഗയിലെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് പോളിങ് സാമഗ്രികളുമായി പോകുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
ശിവഗംഗയിലെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് പോളിങ് സാമഗ്രികളുമായി പോകുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

തൂത്തുക്കുടിയിലെ ഡി.എം.കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. “ബി.ജെ.പി സ്ഥാനാര്‍ഥി തമിഴിസൈ സൗന്ദര്‍രാജന്‍ കോടികളാണ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തത്. ആരും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ആദായ നികുതി വകുപ്പിനേയും സി.ബി.ഐയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും പ്രധാനമന്ത്രിയും ബി.ജെ.പിയും രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുകയാണ്” എന്നായിരുന്നു സ്റ്റാലിന്‍റെ ആരോപണം.

കനിമൊഴിയും സ്റ്റാലിനും
കനിമൊഴിയും സ്റ്റാലിനും

ഏപ്രില്‍ 17 വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 208.27 കോടി രൂപയാണ് പിടിച്ചെടുത്തിട്ടുള്ളത്. 3.37 കോടിയുടെ മദ്യവും 294 കോടിയുടെ സ്വര്‍ണ്ണം വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളും കണ്ടെത്തി. രാജ്യത്താകെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തത് 2628 കോടിയുടെ അനധികൃത മുതലുകളാണെങ്കില്‍ അതില്‍ 514.57 കോടിയും തമിഴ്നാട്ടില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം. രാജ്യത്താകെ പിടിച്ചെടുത്ത 694.49 കോടിയില്‍ 208.27 കോടിയും പിടിച്ചത് തമിഴ്നാട്ടില്‍ നിന്നു തന്നെ.