LiveTV

Live

National

നാല് തെരഞ്ഞെടുപ്പുകളില്‍ നാല് പാര്‍ട്ടികളെ വിജയിപ്പിച്ച ഉന്നാവോ ഇത്തവണ ആര്‍ക്കൊപ്പം? 

ഉന്നവോയില്‍ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

നാല് തെരഞ്ഞെടുപ്പുകളില്‍ നാല് പാര്‍ട്ടികളെ വിജയിപ്പിച്ച ഉന്നാവോ ഇത്തവണ ആര്‍ക്കൊപ്പം? 

സാക്ഷി മഹാരാജിന്റെ സാന്നിധ്യമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. സമുദായ താത്പര്യങ്ങളും ഗ്രാമങ്ങളും വിധി നിര്‍ണ്ണയിക്കാറുള്ള ഉന്നവോയില്‍ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ നാല് വ്യത്യസ്ത പാര്‍ട്ടികളെ വിജയിപ്പിച്ച ചരിത്രവും ഉന്നാവോയ്ക്ക് സ്വന്തം.

1999ല്‍ എസ്.പി, 2004ല്‍ ബി.എസ്.പി, 2009ല്‍ കോണ്‍ഗ്രസ്, 2014ല്‍ ബി.ജെ.പി എന്നിങ്ങനെയായിരുന്നു ഉന്നാവോ തങ്ങളുടെ എം.പിമാരെ തെരഞ്ഞെടുത്തത്. വികസനമെത്താത്ത ഗ്രാമങ്ങളിലെ ജാതി സമവാക്യങ്ങളും ജനരോഷവും ഓരോ തവണയും തെരഞ്ഞെടുപ്പുകളെ ബാധിച്ചു. 2004ല്‍ വെറും എണ്‍പതിനായിരം വോട്ട് നേടി നാലാം സ്ഥാനത്തായ കോണ്‍ഗ്രസ് 2008ല്‍ മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ കഷ്ടി അരലക്ഷം വോട്ടുകളുമായി നാലാം സ്ഥാനത്തായിരുന്നു ബി.ജെ.പി. പക്ഷേ അടുത്ത തെരഞ്ഞെടുപ്പിലെ മോദി തരംഗത്തില്‍ സാക്ഷി മഹാരാജ് മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറി.

ഒരിക്കലും അടിസ്ഥാന വോട്ടില്‍ വന്‍ ചോര്‍ച്ച ഇല്ലാത്ത പാര്‍ട്ടി ഇവിടെ എസ്.പിയും ബി.എസ്.പിയുമാണ്. ഇത്തവണയാകട്ടെ ഈ രണ്ട് പാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത് താനും. മത്സര രംഗത്തുള്ള പ്രധാന മൂന്ന് സ്ഥാനാര്‍ഥികളും ബ്രാഹ്മണരാണെങ്കിലും ആര് വിജയിക്കണം എന്ന് തീരുമാനിക്കുന്നത് ഇവിടത്തെ ഗ്രാമങ്ങളിലെ ദലിതരും പിന്നാക്ക വിഭാഗങ്ങളും അടങ്ങുന്ന വോട്ടര്‍മാരാണ്.

2014ല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയെത്തിയ വോട്ടുകള്‍ ഇത്തവണയും തുണയ്ക്കുമെന്നതാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ സാക്ഷി മഹാരാജ് മണ്ഡലത്തില്‍ തീരെ ജനപ്രിയനല്ല എന്നത് അവരുടെ തലവേദനയാണ്. ഇതിനിടയില്‍ ദലിത് സമൂഹങ്ങളും പിന്നാക്ക വിഭാഗങ്ങളും ഒരുമിച്ച് നിന്ന് മഹാഗഡ്ബന്ധനെ തുണയ്ക്കുമെന്നുള്ള പ്രതീക്ഷയാണ് എസ്.പി, ബി.എസ്.പി നേതൃത്വത്തിന്.