LiveTV

Live

National

ലീഗ് വൈറസെന്ന യോഗിയുടെ ട്വീറ്റ് നീക്കം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.

ലീഗ് വൈറസെന്ന യോഗിയുടെ ട്വീറ്റ് നീക്കം ചെയ്തു

മുസ്‍ലിം ലീഗ് വൈറസ് ആണെന്ന് ആരോപിച്ചുള്ള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. യോഗിയുടെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉള്‍പ്പെടെ 31 ബി.ജെ.പി നേതാക്കളുടെ ട്വീറ്റുകളും നീക്കി.

വിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും യോഗിക്കെതിരെ നടപടി എടുത്തിരുന്നു. മൂന്ന് ദിവസത്തെ പ്രചാരണ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ ചോദ്യത്തിനു പിന്നാലെയാണ് കമ്മീഷന്‍ നടപടിയെടുത്തത്.

“കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്"- എന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.