LiveTV

Live

National

പ്രതീക്ഷയുടെ കിഷന്‍ഗഞ്ച്

2014ലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ടിക്കറ്റ് നല്‍കിയതിനു ശേഷവും കാസിമിക്കു വേണ്ടി അഖ്തറുല്‍ ഈമാന്‍ പിന്‍മാറുകയായിരുന്നു

പ്രതീക്ഷയുടെ കിഷന്‍ഗഞ്ച്

സീമാഞ്ചല്‍ മേഖലയിലെ എക്കാലത്തെയും വലിയ കോണ്‍ഗ്രസ് നേതാവ് മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമിയുടെ അസാന്നിധ്യം തീര്‍ത്ത ശൂന്യതയിലേക്കാണ് അഖ്തറുല്‍ ഈമാന്‍ എന്ന ചെറുപ്പക്കാരന്‍ കടന്നുകയറാനൊരുങ്ങുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ടിക്കറ്റ് നല്‍കിയതിനു ശേഷവും കാസിമിക്കു വേണ്ടി അഖ്തറുല്‍ ഈമാന്‍ പിന്‍മാറുകയായിരുന്നു. ഇത്തവണ കിഷന്‍ഗഞ്ചില്‍ അസദുദ്ദീര്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥിയായാണ് അഖ്തര്‍ മല്‍സരത്തിനിറങ്ങുന്നത്.

സയ്യിദ് ശിഹാബുദ്ദീന്‍, തസ്‌ലിമുദ്ദീന്‍, എം.ജെ അക്ബര്‍, മുഫ്തി മുഹമ്മദ് സഈദ്, ഷാനവാസ് ഹുസൈന്‍ തുടങ്ങി നിരവധി നേതാക്കളുടെ വിജയപരാജയങ്ങളുടെ ചരിത്രം പറയാനുള്ള ബീഹാറിലെ മണ്ഡലമാണ് കിഷന്‍ഗഞ്ച്. സീമാഞ്ചല്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായാണ് ഈ മണ്ഡലം കൂടുതലും നിലകൊണ്ടത്. മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമിയുടെ ദേഹവിയോഗത്തിനു ശേഷം നേര്‍ക്കു നേരെ പൊതു തെരഞ്ഞെടുപ്പിലേക്കു നീങ്ങിയ മണ്ഡലത്തില്‍ ജെ.ഡി.യു സ്ഥാനാര്‍ഥി ഹാജി മഹ്മൂദ് അഷ്‌റഫും ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമൂന്‍ സ്ഥാനാര്‍ഥി അഖ്തര്‍ ഈമാനും കോണ്‍ഗ്രസിന്റെ ഡോ ജാവേദിനുമിടയില്‍ ത്രികോണമല്‍സരമാണ് രൂപപ്പെട്ടു വരുന്നത്. മുസ്‌ലിം വോട്ടുകളെ ആരാണോ കുടുതല്‍ പിളര്‍ത്തുന്നത് അവരായിരിക്കും മണ്ഡലത്തിലെ വിജയി.

ഹൈദരാബാദിനു പുറത്തേക്ക് എ.ഐ.എം.ഐ.എമ്മിനെ വ്യാപിപ്പിക്കാനുള്ള അസദുദ്ദീന്‍ ഒവൈസിയുടെ നീക്കങ്ങളുടെ മര്‍മ്മ സ്ഥാനമാവുകയാണ് 64 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുള്ള കിഷന്‍ഗഞ്ച്. സീമാഞ്ചല്‍ മേഖലയിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ കോണ്‍ഗ്രസിന്റെ അസ്‌റാറുല്‍ ഹഖ് കാസിമിയും ആര്‍.ജെ.ഡിയുടെ തസ്‌ലീമുദ്ദീനും അന്തരിച്ചതിനു ശേഷം ബീഹാറിന്റെ ഈ അതിര്‍ത്തി മേഖലയില്‍ കോണ്‍ഗ്രസിനോ ആര്‍.ജെ.ഡിക്കോ ജെ.ഡി.യുവിനോ ജനസമ്മിതിയുള്ള പുതിയ നേതാക്കളെ രംഗത്തിറക്കാനായിട്ടില്ല.