LiveTV

Live

National

പോരാട്ടം കനക്കുന്ന ബംഗാളിലെ റായ്ഗഞ്ച്

ബംഗാളില്‍ കോണ്‍ഗ്രസമായി സഖ്യമില്ലാതെ പോയതിന് കാരണമായ റായ്ഗഞ്ച് മണ്ഡലത്തില്‍ സി.പി.എമ്മിനിത് നിലനില്‍പ്പിന്റെ പോരാട്ടം

പോരാട്ടം കനക്കുന്ന ബംഗാളിലെ റായ്ഗഞ്ച്

ബംഗാളില്‍ കോണ്‍ഗ്രസമായി സഖ്യമില്ലാതെ പോയതിന് കാരണമായ റായ്ഗഞ്ച് മണ്ഡലത്തില്‍ സി.പി.എമ്മിനിത് നിലനില്‍പ്പിന്റെ പോരാട്ടം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഹമ്മദ് സലീമാണ് റായഗഞ്ചില്‍ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയത്. മുര്‍ഷിദാബാദില്‍ വിജയിച്ച ബദുറുദ്ദുജ ഖാന്‍ ആയിരുന്നു ബംഗാളില്‍ നിന്നെത്തിയ രണ്ടാമത്തെ സി.പി.എം പാര്‍ലമെന്റഗം. രണ്ടിടത്തും പക്ഷെ കടുത്ത ചതുഷ്‌കോണ പോരാട്ടമാണ് ഇത്തവണ സി.പി.എം നേരിടുന്നത്.

2014ല്‍ നേടിയത് 1634 വോട്ടിന്റെ നേരിയ ഭൂരിപക്ഷമായിരുന്നുവെങ്കിലും ഇന്ത്യയിലെ മറ്റേത് പാര്‍ലമെന്റ് അംഗത്തേക്കാളും മണ്ഡലത്തിലെ ജനങ്ങളോടൊപ്പം നിന്നതിന്റെ റെക്കോര്‍ഡുമായാണ് മുഹമ്മദ് സലീം റായിഗഞ്ചില്‍ വീണ്ടും മല്‍സരിക്കാനെത്തുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയും ബംഗാളിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായിരുന്ന പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയുടെ ഭാര്യ ദീപദാസിനെ ആയിരുന്നു 2014ല്‍ സലീം തോല്‍പ്പിച്ചത്. 2009ല്‍ ദീപയും നേരത്തെ രണ്ട് തവണ മുന്‍ഷിയും ജയിച്ച മണ്ഡലമായതു കൊണ്ട് സി.പി.എമ്മിനും കോണ്‍ഗ്രസിനും റായിഗഞ്ചിന്റെ കാര്യത്തില്‍ ധാരണയിലെത്താനായില്ല. അതോടെയാണ് ബംഗാളില്‍ ശേഷിച്ച മണ്ഡലങ്ങളിലെ സഖ്യചര്‍ച്ചകളും വഴിമുട്ടിയത്. എന്നാല്‍ സഖ്യമുണ്ടാക്കാനല്ല സീറ്റ് ധാരണ ഉണ്ടാക്കാന്‍ മാത്രമായിരുന്നു സി.പി.എം ശ്രമിച്ചതെന്നാണ് സലീം വ്യക്തമാക്കുന്നത്.

ദീപദാസ് എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തുക മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും മണ്ഡലത്തില്‍ സലീമിനെതിരെ ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുക കൂടി ചെയ്തതോടെ അപ്രവചനീയമാകുകയാണ് റായിഗഞ്ചിലെ പോരാട്ടം.