LiveTV

Live

National

വീണ്ടും നീലഗിരിയുടെ ‘രാസാ’വാകാന്‍ രാജ

വീണ്ടും നീലഗിരിയുടെ ‘രാസാ’വാകാന്‍ രാജ

‘മോഡി തിരുമ്പി വന്താല്‍ അവര് മോഡിയായിടും. ആനാ നമ്മ മൂഡിയായിടും’ സത്യമംഗലം കഴിഞ്ഞ് മസിനഗുഡിയിലെ കാട്ടുവഴിയോരത്ത് ചായക്കട നടത്തുന്ന അബ്ദുറഹ്മാന്‍ പറഞ്ഞു. തമിഴ് മനസ് വ്യക്തമാക്കുന്നതാണ് അബ്ദുറഹ്മാന്‍റെ വാക്കുകള്‍. തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുക ഡി.എം.കെക്കും ദോഷമാവുക ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെക്കുമായിരിക്കും.

മസിന്നഗുഡിയില്‍ ചായക്കട നടത്തുന്ന അബ്ദുറഹ്മാന്‍
മസിന്നഗുഡിയില്‍ ചായക്കട നടത്തുന്ന അബ്ദുറഹ്മാന്‍

തിങ്കളാഴ്ച്ച വോട്ട് യാത്ര നീലഗിരി മണ്ഡലത്തിലെത്തിയപ്പോള്‍ ശക്തികേന്ദ്രമായ ഊട്ടിയിലെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു രാജയും ഡി.എം.കെക്കാരും. ബഡഗ, തോഡ, കൊട്ട, കുറുംബ വിഭാഗങ്ങളാണ് പ്രധാനമായും ഊട്ടിയിലെ ഉള്‍ഗ്രാമങ്ങളിലുള്ളത്. ഈ ഗോത്രങ്ങളുടെ ഗ്രാമങ്ങളിലൂടെയായിരുന്നു രാജയുടെ പര്യടനം.

ഊട്ടിയിലെ എബ്ബനാഡുവില്‍ എ രാജ വോട്ട് ചോദിക്കുന്നു
ഊട്ടിയിലെ എബ്ബനാഡുവില്‍ എ രാജ വോട്ട് ചോദിക്കുന്നു

തമിഴ്നാട്ടിലെ പേരാമ്പല്ലൂരുകാരനാണ് എ രാജ. അവിടെ നിന്നും മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുമുണ്ട്. 2009ല്‍ നീലഗിരി സംവരണ മണ്ഡലമാക്കിയതോടെയാണ് രാജ സമതലത്തില്‍ നിന്നും ഊട്ടിയിലേക്ക് പ്രവര്‍ത്തനം മാറുന്നത്. 2009ല്‍ 2.36 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച രാജയെ 2ജി അഴിമതി ആരോപണങ്ങള്‍ കത്തി നിന്ന 2014ല്‍ നീലഗിരി 1.24 വോട്ടുകള്‍ക്ക് തോല്‍പിക്കുകയും ചെയ്തു. ഇപ്പോഴും എ.ഐ.എ.ഡി.എം.കെ അടക്കമുള്ള എതിരാളികള്‍ രാജക്കെതിരെ 2 ജി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, 2ജിയുടെ പേരില്‍ ഒന്നിലേറെ തവണ നീലഗിരി എ രാജയെ ശിക്ഷിക്കില്ലെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ.

വീടുകയറിയുള്ള അവസാന വട്ട പ്രചാരണത്തില്‍ എ.എം.എം.കെ പ്രവര്‍ത്തകര്‍
വീടുകയറിയുള്ള അവസാന വട്ട പ്രചാരണത്തില്‍ എ.എം.എം.കെ പ്രവര്‍ത്തകര്‍

അതേസമയം ജയലളിതയുടെ മരണത്തോടെ നേതാവിനൊപ്പം ദിശാബോധവും നഷ്ടപ്പെട്ട നിലയിലാണ് എ.ഐ.എ.ഡി.എം.കെ. എം.ത്യാഗരാജനാണ് ഇത്തവണ നീലഗിരിയിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി. അവരുടെ പ്രധാന വെല്ലുവിളി ശശികലയുടെ മരുമകനായ ടി.ടി.വി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ് കഴകം(എ.എം.എം.കെ)യാണ്. ദിനകരന്‍ പാര്‍ട്ടി പിടിക്കുന്ന ഓരോ വോട്ടും എ.ഐ.എ.ഡി.എം.കെക്ക് ക്ഷീണവും ഡി.എം.കെക്ക് ഊർജ്ജവുമാകും. ഊട്ടിയില്‍ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് പാര്‍ട്ടി ചിഹ്നമായ സമ്മാനപൊതിയുമായി എ.എം.എം.കെ പ്രവര്‍ത്തകരെ കണ്ടത്. ഇത്തവണ ജയിക്കാനായില്ലെങ്കിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താനും നിയമസഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനുമാകുമെന്നാണ് സുരേഷും ശ്രീദേവിയും അടക്കമുള്ള എ.എം.എം.കെ പ്രവര്‍ത്തകരുടെ വിശ്വാസം.

കൂന്നൂരിലെ മദ്രാസ് റെജിമെന്‍റ് പ്രവേശന കവാടം
കൂന്നൂരിലെ മദ്രാസ് റെജിമെന്‍റ് പ്രവേശന കവാടം

ശിവഗംഗയിലേക്കുള്ള യാത്രക്കിടെയാണ് മലയാളി ഓട്ടോ ഡ്രൈവറായ ജയചന്ദ്രനെ കണ്ടത്. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെക്ക് വോട്ട് ചെയ്തെങ്കിലും ഇത്തവണ വോട്ട് ഡി.എം.കെക്കെന്ന് ജയചന്ദ്രന്‍ പറയുന്നു. വോട്ടുകളിലെ ഈ വിള്ളലും ടി.ടി.വി ദിനകരന്‍ പക്ഷംപിടിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെ എണ്ണവുമാകും ഇ.പി.എസ്-ഒ.പി.എസ് സഖ്യത്തിന്‍റെ ചങ്കിടിപ്പ് കൂട്ടുക. ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ടം നടക്കുന്ന ഏപ്രില്‍ 18നാണ് തമിഴ്നാട് നീലഗിരിയിലെ അടക്കം 39 എം.പിമാരെ തെരഞ്ഞെടുക്കുക.