LiveTV

Live

National

ഭോപാലിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ

ഭോപാലിൽ ബി.ജെ.പി ഓഫീസ് സന്ദർശിച്ച പ്രഗ്യാ സിംഗ് മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

 ഭോപാലിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ

ബി.ജെ.പിയിൽ ചേർന്ന മാലേഗാവ് സ്ഫോടന കേസിലെ കുറ്റാരോപിത പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാർഥിയാക്കി ബി.ജെ.പി. ‌ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന് കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിംഗിനെതിരെ ഭോപാലിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച പ്രഗ്യാ സിംഗ്, തീരുമാനം പാർട്ടി സ്വാഗതം ചെയ്തതായും മാധ്യമങ്ങളോട് പറഞ്ഞു.

ദിഗ്‍വിജയ് സിംഗ് തനിക്ക് വെല്ലുവിളിയല്ലെന്ന് പറഞ്ഞ പ്രഗ്യാ സിംഗ്, തെരഞ്ഞെടുപ്പിൽ താൻ തീർച്ചയായും വിജയിച്ചിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രഗ്യാ സിംഗ് ബി.ജെ.പിയിൽ ചേർന്നത്.

ഭോപാലിൽ ബി.ജെ.പി ഓഫീസ് സന്ദർശിച്ച പ്രഗ്യാ സിംഗ്, മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നേരിടുമെന്നും പരാജയപ്പെടുത്തുമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം പ്രഗ്യാ സിംഗ് പറഞ്ഞു. രാജ്യം സുരക്ഷിതമായിരിക്കുന്നിടത്തോളം മാത്രമെ നാം സുരക്ഷിതരായിരിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു. തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുള്ള പ്രഗ്യാ സിംഗ് അഭിനവ് ഭാരത്, ദുർഗ വാഹിനി സംഘടനകളിൽ അംഗമായിരുന്നു.

2008 സെപ്തംബർ 29ന് മലേഗാവിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ മുഖ്യ പ്രതിയായി പിടികൂടിയ പ്രഗ്യാ സിംഗിനെ യു.എ.പി.എ ഉൾപ്പെടെ കേസുകള്‍ ചേർത്താണ് അകത്താക്കുന്നത്. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച എന്‍.ഐ.എ പ്രഗ്യ സിംഗ് ഠാക്കൂറിനെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കുകയാണുണ്ടായത്. കേസില്‍ വിചാരണ കേള്‍ക്കുന്ന പ്രത്യേക കോടതി ഇതില്‍ തീരുമാനം എടുത്തിട്ടില്ല.