LiveTV

Live

National

രണ്ടാം ഘട്ട വോട്ടെടുപ്പ് മണിക്കൂറുകള്‍ക്കകം; വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണം തമിഴ്നാട്ടില്‍ ശക്തമാവുന്നു

കര്‍ണാടകയില്‍ 14 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്

രണ്ടാം ഘട്ട വോട്ടെടുപ്പ് മണിക്കൂറുകള്‍ക്കകം; വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണം തമിഴ്നാട്ടില്‍ ശക്തമാവുന്നു

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണം തമിഴ്നാട്ടില്‍ ശക്തമാവുകയാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ വെല്ലൂരില്‍ അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥിക്കായി വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ മുതിര്‍ന്ന നേതാവുതന്നെ നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

വെല്ലൂര്‍ ലോകസഭ മണ്ഡലത്തിലെ വാണിയമ്പാടിയില്‍, അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥി എ.സി. ഷണ്‍മുഖത്തിന് വോട്ടുചെയ്യാനായി ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യാന്‍ അണ്ണാ ഡി.എം.കെ മുന്‍ എം.എല്‍.എ സമ്പത്ത്കുമാര്‍, പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. എത്രപേര്‍ പോകണമെന്നും അതില്‍ ഏതൊക്കെ പാര്‍ട്ടിയിലുള്ളവര്‍ വേണമെന്നുമൊക്കെ നിര്‍ദേശം നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. മണ്ഡലത്തില്‍ ഡി.എം.കെ പണം നല്‍കുന്നുവെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ ഇവിടുത്തെ പോളിങ് റദ്ദാക്കിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അണ്ണാ ഡി.എം.കെ നേതൃത്വവും പ്രതിക്കൂട്ടിലായി. വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട സ്ഥാനാര്‍ഥി, എ.സി. ഷണ്‍മുഖം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

പുതുച്ചേരി ഉള്‍പ്പെടെ 39 ലോക്സഭ മണ്ഡലങ്ങളിലും 18 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 29,988 ഇടങ്ങളിലായി 67,720 പോളിങ് ബൂത്തുകള്‍ സജീകരിച്ചിട്ടുണ്ട്. 8000 ബൂത്തുകളെ പ്രശ്നബാധിതമായി കണ്ടെത്തി കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ, ഒന്നരലക്ഷത്തോളം സേനാംഗങ്ങളെയാണ് തെരഞ്ഞെടുപ്പിനായി തമിഴ്നാട്ടില്‍ നിയോഗിച്ചിട്ടുള്ളത്.

കര്‍ണാടകയില്‍ 14 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നടി സുമലത മത്സരിക്കുന്ന മാണ്ഡ്യയും എച്ച്.ഡി. ദേവഗൌഡ മത്സരിക്കുന്ന തുംകൂരുവുമാണ് ശ്രദ്ധാ കേന്ദ്രങ്ങള്‍. മഹാരാഷ്ട്രയില്‍ പത്തു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയില്‍ 31 നിയമസഭ മണ്ഡലങ്ങളിലേക്കും അഞ്ച് ലോകസഭ മണ്ഡലങ്ങളിലേക്കുമാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.