LiveTV

Live

National

ബി.ജെ.പി രഹിത, കോണ്‍ഗ്രസ് രഹിത സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം: ഉവൈസി

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ പ്രദേശിക പാര്‍ട്ടികളായിരിക്കും നിര്‍ണായകമായ പങ്കു വഹിക്കാന്‍ പോകുന്നതെന്ന് ഉവൈസി

 ബി.ജെ.പി രഹിത, കോണ്‍ഗ്രസ് രഹിത സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം: ഉവൈസി

ബിഹാറില്‍ നിന്നു കൂടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ഇക്കുറി അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമൂന്‍. കിഷന്‍ഗഞ്ച് മണ്ഡലത്തിലെ മത്സരം ഉവൈസിയുടെ സ്ഥാനാര്‍ഥി അഖ്തറുല്‍ ഈമാന്‍, ജെ.ഡി.യുവിന്റെ ഹാജി മഹ്മൂദ് അശ്‌റഫ് എന്നിവരിലേക്ക് ചുരുങ്ങുകയാണ്.

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി കഴിഞ്ഞ തവണ ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യം രംഗത്തിറക്കിയ ഡോ. ജാവേദിന്റെ കാര്യത്തില്‍ മണ്ഡലത്തിലെ 60 ശതമാനത്തിലേറെയുള്ള മുസ്‌ലിം വോട്ട്ബാങ്ക് മനസ്സു തുറക്കുന്നില്ല.

മുസ്‌ലിം വോട്ടുകള്‍ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനുമിടയില്‍ പിളര്‍ന്ന 1999ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഷാനവാസ് ഹുസൈനെ ജയിപ്പിച്ചയച്ച ചരിത്രവും കിഷന്‍ ഗഞ്ചിനുണ്ട്. ‌ഹൈദരാബാദ് രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് നടന്നു കയറുന്ന തന്റെ പാര്‍ട്ടിയെ കുറിച്ച് മീഡിയാവണുമായി സംസാരിക്കുകയാണ് അസദുദ്ദീന്‍ ഉവൈസി.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏതാണ്ടെല്ലാ സംഘടനകളും ബി.ജെ.പിയെയാണ് മുഖ്യശത്രുവായി കാണുന്നത്. ഭരണഘടനക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബി.ജെ.പി ഉണ്ടാക്കിയ ആഘാതമാണ് മഹാസഖ്യങ്ങളും മതേതര പാര്‍ട്ടികളും ഒറ്റക്കും കൂട്ടായും ചര്‍ച്ച ചെയ്യുന്നത്. താങ്കളുടെ പാര്‍ട്ടി എങ്ങനെയാണ് ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാകുന്നത്?

സീമാഞ്ചല്‍ മേഖലയിലെ വളരെ പ്രധാനപ്പെട്ട ഒരു മണ്ഡലമാണ് കിഷന്‍ഗഞ്ച്. അവിടെയുള്ള ജനങ്ങള്‍ അങ്ങേയറ്റം അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. വികസനം ഈ മേഖലയില്‍ നടക്കുന്നേയില്ല. രണ്ടു രാജ്യങ്ങളുമായാണ് കിഷന്‍ഗഞ്ച് അതിര്‍ത്തി പങ്കിടുന്നത്. ഈ പ്രദേശത്തെ 'ചിക്കന്‍ ഹെഡ്' എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്.

സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളിലെ എല്ലാ സൂചകങ്ങളും ഇന്ത്യയിലെ ഏറ്റവും മോശം പ്രദേശമായാണ് കിഷന്‍ഗഞ്ചിനെ അടയാളപ്പെടുത്തുന്നത്. ആരാണ് ഇതിന് ഉത്തരവാദി? അതോടൊപ്പം പ്രകൃതി ദുരന്തങ്ങള്‍ നിരന്തരമായി വേട്ടയാടുന്ന മേഖല കൂടിയാണിത്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും കിഷന്‍ ഗഞ്ച് പൂര്‍ണമായും ഒറ്റപ്പെടുകയാണ് സംഭവിക്കുന്നത്.

ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഓരോ വര്‍ഷവും ഒലിച്ചുപോകുന്നത്. തദനുസൃതമായി നിരവധിയാളുകള്‍ ഓരോ വര്‍ഷവും അഭയാര്‍ഥികളായി മാറുന്നു. സീമാഞ്ചല്‍ മേഖലക്ക് നീതി ലഭിക്കുക എന്നതാണ് ഞങ്ങളുടെ ഈ മണ്ഡലത്തിലെ പോരാട്ടത്തിന്റെ പ്രഥമലക്ഷ്യം. പാര്‍ലമെന്റില്‍ 371 ബില്ലുകളാണ് ഈ മേഖലയുടെ കാര്യത്തില്‍ ഞങ്ങള്‍ ഇതുവരെ കൊണ്ടുവന്നത്. ഇത്തരം പിന്നാക്ക മേഖലകളുടെ കാര്യത്തില്‍ ചില പ്രത്യേക സംവിധാനങ്ങളും രാജ്യത്തുണ്ട്. അതൊന്നും പക്ഷെ നടപ്പില്‍ വരുന്നില്ല.

രണ്ടാമതായി, എം.ഐ.എം മല്‍സരിക്കുന്ന ഈ മണ്ഡലത്തിലോ ഹൈദരാബാദിലോ ഔറംഗാബാദിലോ വിജയിക്കുകയാണെങ്കില്‍ ബി.ജെ.പിയുടെ നയങ്ങളെ തീര്‍ച്ചയായും പാര്‍ലമെന്റില്‍ എതിര്‍ക്കുക തന്നെ ചെയ്യും. ബി.ജെ.പിയുടേതോ കോണ്‍ഗ്രസിന്‍റെതോ അല്ലാത്ത ഒരു ഗവണ്‍മെന്റ് കേന്ദ്രത്തില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതായിരിക്കും സംഭവിക്കുകയെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

മൂന്നാമതായി രാജ്യത്തിന്റെ സാമൂഹിക ഘടനയെ ബി.ജെ.പി തകര്‍ക്കുകയാണ് ചെയ്തത്. അവരാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഉത്തരവാദികള്‍. മോദിയുടെ മഹത്വം എന്തായിരുന്നുവെന്ന് ചരിത്രം അടയാളപ്പെടുത്തുക തീര്‍ച്ചയായും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലായിരിക്കും. അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിലാണ് ഈ ഏര്‍പ്പാട് ഇന്ത്യയില്‍ ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ അസമില്‍ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണ്. 60 വയസുള്ള ഒരാളെ പന്നിമാംസം തീറ്റിച്ചതിനേക്കാള്‍ മോശമായ മറ്റെന്തുണ്ട് ഇനി ബാക്കി? ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഏകാധിപത്യപരമായ ഭരണത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഇത്തരം ചിന്തഗതികള്‍ക്കുമെതിരെ വോട്ടുചെയ്യും. തീര്‍ച്ച.

താങ്കള്‍ കേന്ദ്രത്തില്‍ ബി.ജെ.പി-കോണ്‍ഗ്രസ് എന്നീ സംഘടനകളെ മാറ്റി നിര്‍ത്തുമെന്ന് പറഞ്ഞു. കെ. ചന്ദ്രശേഖര്‍ റാവിന്റെ ടി.ആര്‍.എസിനൊപ്പമായിരുന്നല്ലോ ഹൈദരാബാദില്‍ ഈയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.ഐ.എം മല്‍സരിച്ചത്. ടി.ആര്‍.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല എന്നതിന് എന്താണുറപ്പ്?

തീര്‍ച്ചയായും അങ്ങനെ സംഭവിക്കുകയില്ല എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. താന്‍ ഒരു ഫെഡറല്‍ ഗവണ്‍മെന്റിനു വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ മെയ് 23ന് നമുക്കത് കാണാനാവും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ പ്രദേശിക പാര്‍ട്ടികളായിരിക്കും നിര്‍ണായകമായ പങ്കു വഹിക്കാന്‍ പോകുന്നത്.

അഥവാ കോണ്‍ഗ്രസാണ് മുമ്പില്‍ വരുന്നതെങ്കില്‍ നിങ്ങളുടെ നിലപാട് എന്തായിരിക്കും?

നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിതീവ്രമായ ഞങ്ങളുടെ അഭിലാഷമാണത്. അതിലേക്കാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. മെയ് 23ന്റെ ഫലങ്ങള്‍ ആണ് എന്തായിരിക്കും രാജ്യത്തിന്റെ ഭാവിയെന്ന് വ്യക്തമാക്കുക. എന്തായാലും ബി.ജെ.പി ഒരിക്കലും സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നില്ല എന്ന് എനിക്കുറപ്പിച്ചു പറയാനാവും.

പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയെ പോലെ ബി.ജെ.പിയെ എതിരിടുന്നതില്‍ പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ലാത്ത സംഘടനകളുമായാണല്ലോ താങ്കള്‍ മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കിയിട്ടുള്ളത്.

പ്രകാശ് അംബേദ്ക്കര്‍ മഹാരാഷ്ട്രയിലെ അനിഷേധ്യനായ ദലിത് നേതാവാണ്. ദലിതുകളും മുസ്‌ലിംകളും ഒരുമിച്ചു നില്‍ക്കുക എന്നതിന് അങ്ങേയറ്റത്തെ പ്രാധാന്യമാണ് ഞാന്‍ കല്‍പ്പിക്കുന്നത്. സാമൂഹിക വേദികളില്‍ മാത്രമല്ല രാഷ്ട്രീയ വോദികളിലും ഇങ്ങനെ സഖ്യം രൂപപ്പെടണമെന്നാണ് എന്റെ അഭിപ്രായം. മഹാരാഷ്ട്രയില്‍ ഈ തെരഞ്ഞെടുപ്പിനു ശേഷം അടിസ്ഥാനപരമായി തന്നെ മാറ്റങ്ങളുണ്ടാകും.

ഇതാദ്യമായാണ് ദലിതുകളും മുസ്‌ലിംകളും ദംഗറുകളും ഒ.ബി.സികളും ആദിവാസികളുമൊക്കെ ഒരുമിച്ചു നില്‍ക്കുന്നത് ഇതാദ്യമായാണ്. അതു തന്നെ മഹാരാഷ്ട്രയുടെ കാര്യത്തില്‍ വന്‍ വിജയമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതു കാണുനോക്കുമ്പോള്‍ അവരെ ഇത്രയും കാലം ചൂഷണം ചെയ്തവര്‍ സ്വാഭാവികമായും ഭയന്നു വിറക്കും.

അതുകൊണ്ടുതന്നെ മഹാരാഷ്ട്രയില്‍ ഇപ്പോഴുണ്ടായ സഖ്യം കരുത്തുറ്റ ഒന്നാണ്. മാറ്റത്തിന്റെ ദിശയിലെ ആദ്യത്തെ ചുവടുവെപ്പാണത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടല്ല ഞങ്ങളുടെ കൂട്ടുകെട്ട്. തെരഞ്ഞെടുപ്പിനു ശേഷവും അത് തുടരും. കൂടുതല്‍ മുന്നോട്ടു പോവുകയും ചെയ്യും.

മുസ്‌ലിംകള്‍ സ്വന്തം നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി മല്‍സരിക്കുന്നതാണോ അതോ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിടുന്നതാണോ ഗുണം ചെയ്യുക?

ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ ഓരോ പാര്‍ട്ടിയും എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് തിരിച്ചറിയാനുള്ള ശേഷിയൊക്കെ പൊതുജനത്തിനുണ്ട്. അവരുടെ സമ്മതിദാനാവകാശം സദുദ്ദേശപരമായി വിനിയോഗിക്കാനും അവര്‍ക്കറിയാം. നിങ്ങള്‍ക്ക് ആരെയും തടഞ്ഞു നിര്‍ത്താനാവില്ല. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെന്നും അതില്‍ തങ്ങളോരോരുത്തരുടെയും ഭാവി നിശ്ചയിക്കുന്നതിനുള്ള ഗവണ്‍മെന്റാണ് രൂപീകരിക്കപ്പെടാന്‍ പോകുന്നതെന്നും അവര്‍ക്കറിയാം.

ബി.ജെ.പി എങ്ങനെയാണ് ഇത്രയും കാലം തങ്ങളെ വിഡ്ഢികളാക്കിയതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന ഒരു പാര്‍ട്ടിക്കായിരിക്കും അവര്‍ വോട്ടു ചെയ്യുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യവും സാഹോദര്യവും സംരക്ഷിക്കുന്നവരെയാകും അവര്‍ തെരഞ്ഞെടുക്കുക.