LiveTV

Live

National

പള്ളികളിൽ മുസ്‍ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി: സുപ്രീംകോടതി നോട്ടീസ് അയച്ചു

കേന്ദ്ര സർക്കാർ, വഖഫ് ബോർഡ്, മുസ്‍ലിം വ്യക്തി നിയമ ബോർഡ് തുടങ്ങി ഏഴ് എതിര്‍‌ കക്ഷികള്‍ക്കാണ് നോട്ടീസ്.

പള്ളികളിൽ മുസ്‍ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി: സുപ്രീംകോടതി നോട്ടീസ് അയച്ചു

പള്ളികളിൽ മുസ്‍ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, വഖഫ് ബോർഡ്, മുസ്‍ലിം വ്യക്തി നിയമ ബോർഡ് തുടങ്ങി ഏഴ് എതിര്‍‌ കക്ഷികള്‍ക്കാണ് നോട്ടീസ്. ശബരിമല യുവതീ പ്രവേശന വിധിയുള്ളത് കൊണ്ടുമാത്രമാണ് ഹർജി പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

വനിതകള്‍ക്ക് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും എല്ലാ മുസ്‍ലിം പള്ളികളിലും പ്രവേശനം വേണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള മുസ്‍ലിം ദമ്പതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുനെയിലെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശ്രമിച്ചപ്പോള്‍ തടയപ്പെട്ടതും പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നിങ്ങൾ ആരെയെങ്കിലും വീട്ടിൽ പ്രവേശിക്കുന്നത് വിലക്കിയാൽ പൊലീസ് സംരക്ഷണത്തോടെ പ്രവേശിക്കാൻ അയാൾക്ക് അവകാശം ഉന്നയിക്കാൻ ആകുമോ എന്നായിരുന്നു കോടതിയുടെ തിരിച്ചുള്ള ചോദ്യം. പ്രവേശന വിലക്ക് നിയമത്തിന്റെ പിൻബലത്തോടെയാണോ എന്നും കേസ് പരിഗണിച്ച ബഞ്ചിലെ അംഗമായ ജസ്റ്റിസ് ബോബ്ഡെ ആരാഞ്ഞു.

ഹാജി അലി ദർഗ കേസിലും ശബരിമല കേസിലും സ്ത്രീ പ്രവേശനം എന്തായി? മക്കയിൽ എന്താണ് സാഹചര്യം? മുസ്‍ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ ഇതര സംവിധാനത്തിൽ തുല്യത അവകാശപ്പെടാൻ സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങളും ജസ്റ്റിസ് എസ്.എ ബോബ്ഡെയില്‍ ഉന്നയിച്ചു. മുസ്‍ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് പൊതുവായ വിലക്ക് ഇല്ലെന്നാണ് തോന്നുന്നതെന്ന് ബഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് അബ്ദുൾ നസീർ ചൂണ്ടിക്കാട്ടി.

ശബരിമല യുവതി പ്രവേശന വിധി നിലനില്‍ക്കുന്ന കാരണത്താലാണ് കേസ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി പിന്നീട് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കുകയായിരുന്നു. മുസ്‍ലിം പള്ളികളിലെ സ്ത്രീ പ്രവേശന വിലക്ക് മൌലികാവകാശ ലംഘനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.