LiveTV

Live

National

പരസ്പരം പഴിചാരി രാഹുലും കെജ്‍രിവാളും 

ഡല്‍ഹിയില്‍ മാത്രം സഖ്യം മതിയെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ ഹരിയാനയിലും ഛണ്ഡിഗന്ധിലും സഖ്യം വേണമെന്നാണ് എ.എ.പിയുടെ ആവശ്യം

പരസ്പരം പഴിചാരി രാഹുലും കെജ്‍രിവാളും 

സഖ്യത്തിനുള്ള സമ്മര്‍ദം ശക്തമാക്കി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. ഡല്‍ഹിയില്‍ മാത്രം സഖ്യം മതിയെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ ഹരിയാനയിലും ഛണ്ഡിഗന്ധിലും സഖ്യം വേണമെന്നാണ് എ.എ.പിയുടെ ആവശ്യം. സഖ്യം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ പരസ്പരം പഴിചാരി രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‍രിവാളും ട്വിറ്ററില്‍ രംഗത്തുവന്നു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ചാല്‍ മുഴുവന്‍ സീറ്റുകളിലും ജയിക്കാമെന്ന തിരിച്ചറിവ് ഇരുപാര്‍ട്ടികള്‍ക്കും ഉണ്ട്. എന്നാല്‍ സീറ്റ് വീതംവെപ്പിനെ ചൊല്ലിയാണ് സഖ്യ ചര്‍ച്ച നീണ്ടുപോവുന്നത്. കോണ്‍ഗ്രസ് ആദ്യം സഖ്യം വേണ്ടെന്ന തീരുമാനമെടുത്തിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരം വീണ്ടും സഖ്യ ചര്‍ച്ച സജീവമാകുകയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദമേറ്റി.

ഡല്‍ഹിയില്‍ നാല് സീറ്റില്‍ എ.എ.പിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ ഹരിയാനയിലും ചണ്ഡീഗണ്ഡിലും കൂടി സഖ്യം വേണമെന്നാണ് എ.എ.പിയുടെ നിലപാട്. സഖ്യത്തിന് ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമെങ്കിലും നിലപാടില്‍ നിന്ന് കെജ്‍രിവാള്‍ പിന്നോക്കം പോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്നും പക്ഷെ സമയം വൈകുകയാണെന്ന് എ.എ.പി ഓര്‍ക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തൊട്ടുപിന്നാലെ രാഹുലിന് ട്വിറ്ററിലൂടെ മറുപടി നല്‍കി കെജ്‍രിവാളും രംഗത്തെത്തി. എന്ത് യു ടേണിനെ കുറിച്ചാണ് രാഹുല്‍ പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഖ്യം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്നും കെജ്‍രിവാള്‍ പ്രതികരിച്ചു. രാഹുല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് മോദിയെ സഹായിക്കുകയാണെന്നും കെജ്‍രിവാള്‍ പറയുകയുണ്ടായി. പ്രസ്താവനകളിലൂടെ പരസ്പരം സമ്മര്‍ദ്ദമേറ്റുന്ന ഇരു പാര്‍ട്ടികളുടെയും നീക്കത്തിനിടെ ഡല്‍ഹിയില്‍ ബി.ജെ.പി പ്രചാരണം പുരോഗമിക്കുകയാണ്.