LiveTV

Live

National

മാണ്ഡ്യയിലെ താര പോരാട്ടത്തില്‍ സൂപ്പര്‍താരങ്ങളായി വോട്ടര്‍മാര്‍

മാണ്ഡ്യയിലെ താര പോരാട്ടത്തില്‍ സൂപ്പര്‍താരങ്ങളായി വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ഏറ്റവും വാശിയേറിയതും താരപ്പൊലിമയുള്ളതുമായ മത്സരം നടക്കുന്ന മണ്ഡലമാണ് മാണ്ഡ്യ. കന്നഡ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായിരുന്ന അംബരീഷിന്‍റെ ഭാര്യയും നടിയുമായ സുമലതയും എച്ച്.ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. കര്‍ണ്ണാടകയിലെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്ന മാണ്ഡ്യയില്‍ തോല്‍വിയുടെ കയ്പുനീര്‍ ആര്‍ക്ക് രുചിക്കേണ്ടി വരുമെന്നതാണ് പ്രധാന ചോദ്യം.

സുമലതയേയും ദര്‍ശനേയും കാണാന്‍ തടിച്ചുകൂടിയവര്‍
സുമലതയേയും ദര്‍ശനേയും കാണാന്‍ തടിച്ചുകൂടിയവര്‍

മാണ്ഡ്യ ജില്ലയും മൈസൂരിന്‍റെ ചിലഭാഗങ്ങളുമാണ് മണ്ഡലത്തിലുള്ളത്. മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി തികച്ചും ബഹളമയമാണ് മാണ്ഡ്യയിലെ ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളും. സാന്‍ഡല്‍വുഡിലെ താരങ്ങള്‍ ജനങ്ങളിലേക്കിറങ്ങിവരുന്നുവെന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കന്നഡയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളായ ദര്‍ശനും യഷുമാണ് പ്രധാനമായും സുമലതക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. 31കാരനായ നിഖിലിന്‍റെ സിനിമയിലെ സൌഹൃദങ്ങളും മാണ്ഡ്യയിലെ തെരുവുകളില്‍ വോട്ട് ചോദിച്ച് എത്തുന്നു.

സുമലതക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നോട്ടീസ്
സുമലതക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നോട്ടീസ്

മാണ്ഡ്യക്ക് ജീവദായനിയായ കാവേരി നദി തന്നെയാണ് ഇവിടുത്തെ രാഷ്ട്രീയക്കാരെയും വളര്‍ത്തുന്നതും തളര്‍ത്തുന്നതും. കാവേരി ട്രിബ്യൂണലിന്‍റെ ഇടക്കാല വിധിയില്‍ പ്രതിഷേധിച്ച് 2007ല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുന്നതോടെയാണ് അംബരീഷ് മാണ്ഡ്യയുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. കാവേരി വിവാദത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് ജെ.ഡി.എസ് എം.പിയായിരുന്ന സി.എസ് പുട്ടരാജു 2016ല്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് 2018ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ഭൂരിപക്ഷം 5518ല്‍ നിന്നും 3,14,943 ആക്കി കുത്തനെ ഉയര്‍ത്തിയതില്‍ നിന്നും കാവേരിയും മാണ്ഡ്യയും രണ്ടല്ലെന്ന് വ്യക്തമാകും.

സുമലതയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍
സുമലതയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍

മാണ്ഡ്യയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജെ.ഡി.എസ് എം.എല്‍.എമാരാണ്. ജെ.ഡി.എസിന്‍റെയും കോണ്‍ഗ്രസിന്‍റേയും സംഘടനാ സംവിധാനത്തിന്‍റെ പിന്‍ബലം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നാണ് പിതാവിനൊപ്പം ചെറുപ്രായത്തിലേ മാണ്ഡ്യയിലെത്തിയ ബഷീര്‍ പറയുന്നത്. സുമലതയുടെ പ്രചാരണത്തിനെത്തുന്ന ആള്‍ക്കൂട്ടം വോട്ടായി മാറില്ലെന്നാണ് ബഷീറിന്‍റെ കണക്കുകൂട്ടല്‍.

ശങ്കര്‍ ഗൌഡ
ശങ്കര്‍ ഗൌഡ

60 ശതമാനത്തിലേറെ വരുന്ന വൊക്കലിഗ വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണ്ണായകം. ജെ.ഡി.എസിന്‍റെ അഭിമാനപോരാട്ടത്തില്‍ മാണ്ഡ്യ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയാണ് ശങ്കര്‍ ഗൌഡക്കുള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ നേര്‍ക്കു നേര്‍ മത്സരിച്ച കോണ്‍ഗ്രസും ജെ.ഡി.എസും ഇക്കുറി സഖ്യമാകുമ്പോള്‍ പലയിടത്തും ചേര്‍ച്ചക്കുറവുകളുണ്ട്. ഇക്കാര്യം ശ്രീധര്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍, ബി.ജെ.പിയുടെ പിന്തുണയും താരപ്രഭാവവും കൊണ്ട് മാത്രം സുമലതയുടെ ജയം ഉറപ്പിക്കാനാകില്ലെന്നും പാര്‍ട്ടികളോട് പ്രത്യേക ചായ് വില്ലെന്ന് പറഞ്ഞുകൊണ്ട് ശ്രീധര്‍ വ്യക്തമാക്കുന്നു.

ശ്രീധര്‍
ശ്രീധര്‍

ഒരു ലക്ഷത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് മാണ്ഡ്യയിലുള്ളത്. 2013ലും 2018ലും യഥാക്രമം 50,633ഉം 74,402 ഉം വോട്ടാണ് ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങളില്‍ പിടിച്ചത്. ഇതിന്‍റെ പത്തിരട്ടിയിലേറെ വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.എസ് ഒറ്റക്ക് നേടിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലാവില്ലെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയുടേയും സുമലതയുടേയും പ്രതീക്ഷകള്‍. അംബരീഷിനോടുള്ള മാണ്ഡ്യയുടെ ഇഷ്ടവും താരപ്രഭയും തുണയാകുമെന്ന് സുമലത പ്രതീക്ഷിക്കുന്നു. അവരുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസിന്‍റേയും ജെ.ഡി.എസിന്‍റേയും കൊടികളും അപൂര്‍വ്വമല്ല. ഇത് പരമ്പരാഗത വോട്ടിംങ് രീതിയായിരിക്കില്ല ഇക്കുറി മാണ്ഡ്യയിലെന്നതിന്‍റെ സൂചന നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിഖില്‍ കുമാരസ്വാമി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിഖില്‍ കുമാരസ്വാമി

ജെ.ഡി.എസിന് ശക്തമായ സംഘടനാ സംവിധാനങ്ങളുള്ള മാണ്ഡ്യയില്‍ ഈ തെരഞ്ഞെടുപ്പിലൂടെ കൊച്ചുമകനിലേക്കുള്ള രാഷ്ട്രീയ അധികാര കൈമാറ്റം സംഭവിക്കുമെന്നാണ് ദേവഗൌഡയുടെ കണക്കുകൂട്ടല്‍. ഇതിനായി കരച്ചിലിന്‍റെ വക്കോളമെത്തിക്കൊണ്ട് വോട്ട് ചോദിക്കാനും അദ്ദേഹത്തിന് മടിയില്ല. വെള്ളിത്തിരയിലെ താരങ്ങളില്‍ ആരെ വേണമെന്ന് ഏപ്രില്‍ 18ന് നടക്കുന്ന വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കും വരെ വോട്ടര്‍മാരാണ് മാണ്ഡ്യയിലെ സൂപ്പര്‍താരങ്ങള്‍.

കോണ്‍ഗ്രസിന്‍റേയും ജെ.ഡി.എസിന്‍റേയും ചിഹ്നങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകന്‍
കോണ്‍ഗ്രസിന്‍റേയും ജെ.ഡി.എസിന്‍റേയും ചിഹ്നങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകന്‍