LiveTV

Live

National

കടിഞ്ഞാണിട്ട് കമ്മീഷന്‍, പോംവഴി തേടി സ്ഥാനാര്‍ഥികള്‍

‘വോട്ട് യാത്ര’ സഞ്ചരിച്ച ആന്ധ്രയിലേയും കര്‍ണ്ണാടകയിലേയും തമിഴ്നാട്ടിലേയും മണ്ഡലങ്ങളിലെവിടെയും കേരളത്തിലെ അത്രപോലും ചുവരെഴുത്തടക്കമുള്ള പരസ്യപ്രചാരണങ്ങള്‍ സജീവമല്ല.

കടിഞ്ഞാണിട്ട് കമ്മീഷന്‍, പോംവഴി തേടി സ്ഥാനാര്‍ഥികള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് അടിയൊഴുക്കുകളുടേതായി മാറിയിരിക്കുന്നു. ‘വോട്ട് യാത്ര’ സഞ്ചരിച്ച ആന്ധ്രയിലേയും കര്‍ണ്ണാടകയിലേയും തമിഴ്നാട്ടിലേയും മണ്ഡലങ്ങളിലെവിടെയും കേരളത്തിലെ അത്രപോലും ചുവരെഴുത്തടക്കമുള്ള പരസ്യപ്രചാരണങ്ങള്‍ സജീവമല്ല.

ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ നടന്നതിലേക്കും വെച്ച് ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പാകും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ്, രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളുടേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടിഞ്ഞാണിട്ടത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് ചിലവാക്കാവുന്ന പരമാവധി തുക 70 ലക്ഷം രൂപയാണ്. അരുണാചല്‍ പ്രദേശിലും ഗോവയിലും സിക്കിമിലും ഡല്‍ഹി ഒഴികെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് 54 ലക്ഷവും. പ്രത്യേകം അക്കൌണ്ടിലൂടെ ഈ തെരഞ്ഞെടുപ്പ് ചിലവിന്‍റെ കണക്കുകള്‍ സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം സമര്‍പ്പിക്കുകയും വേണം. കണക്കുകളിലെ കള്ളത്തരങ്ങള്‍ സ്ഥാനാര്‍ഥിയുടെ അയോഗ്യതക്കു വരെ കാരണമാകാനും വകുപ്പുണ്ട്.

തുംകൂര്‍ ഡി.സി.സി പ്രസിഡന്‍റ് ആര്‍ രാമകൃഷ്ണ
തുംകൂര്‍ ഡി.സി.സി പ്രസിഡന്‍റ് ആര്‍ രാമകൃഷ്ണ

നിയമം കൂടുതല്‍ കര്‍ശനമാകുമ്പോഴും പുറമേക്ക് പ്രകടമല്ലെങ്കിലും തെരഞ്ഞെടുപ്പിലെ പണമൊഴുക്ക് സജീവമാണ്. ക്യാമറക്ക് മുന്നില്‍ പറയാന്‍ തയ്യാറല്ലെങ്കിലും നേതാക്കള്‍ പോലും ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് തുംകൂര്‍ ഡി.സി.സി പ്രസിഡന്‍റ് ആര്‍ രാമകൃഷ്ണ പറഞ്ഞത് ഓരോ മണ്ഡലത്തിലും പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് 15 മുതല്‍ 20 കോടി വരെ ചിലവുണ്ടെന്നാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണങ്ങളെ മറികടക്കാനായി പല മാര്‍ഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പ്രചാരണ ബോര്‍ഡുകളും ചിഹ്നങ്ങളും സ്ഥാപിക്കുന്നതിന് പകരം പലയിടത്തും സ്വകാര്യ ഇടങ്ങളില്‍ ഇത് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ആന്ധ്രയിലെ കുപ്പത്ത് ചന്ദ്രബാബു നായിഡുവിന്‍റെ ആകെ കണ്ട പോസ്റ്റര്‍ കടകള്‍ക്ക് മുന്നില്‍ ഒട്ടിച്ച പുസ്തകത്തോളം പോലും വലിപ്പമില്ലാത്ത ഒന്നായിരുന്നു.

കുപ്പത്തെ ചന്ദ്രബാബു നായിഡുവിന്‍റെ പോസ്റ്റര്‍
കുപ്പത്തെ ചന്ദ്രബാബു നായിഡുവിന്‍റെ പോസ്റ്റര്‍

ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെ ഓട്ടോയില്‍ മൈക്ക് കെട്ടിയുള്ള പ്രചരണം സജീവമായി നടത്തുമ്പോള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ തോരണങ്ങള്‍ പോലും അഴിച്ചു മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതിന്‍റെ ആശങ്കയിലാണ് ഡി.എം.കെ പ്രവര്‍ത്തകര്‍. കര്‍ണ്ണാടകയിലെ ചിക്കബെല്ലാപൂരിലും തുംകൂരിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കാഴ്ചകള്‍ സജീവമാണ്. മേഖലയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.എസ്.പിയും മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളില്‍ സജീവമാണ്.

അതേസമയം തീര്‍ത്തും വ്യത്യസ്തമാണ് ബംഗളൂരുവിലെ സ്ഥിതി. 1.23 കോടി ജനസംഖ്യയുള്ള വന്‍ നഗരമായ ബംഗളൂരുവിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും പാര്‍ടികളുടെ യോഗങ്ങളിലൊഴികെ തെരഞ്ഞെടുപ്പ് സാന്നിധ്യമില്ല. ചില ബസ് സ്റ്റോപ്പുകളില്‍ പാര്‍ട്ടികളുടെ പ്രചാരണ പരസ്യങ്ങളുണ്ടെങ്കിലും അവയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബോധവല്‍കരണ പരസ്യങ്ങളുടെ അത്രപോലും എത്തുന്നില്ല.

ഓട്ടോയിലെ തെരഞ്ഞെടുപ്പ് പ്രചാരണം
ഓട്ടോയിലെ തെരഞ്ഞെടുപ്പ് പ്രചാരണം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങളെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറികടക്കുമെന്നാണ് ബി.ജെ.പിയുടെ ബംഗളൂരുവിലെ ഓഫീസ് സെക്രട്ടറി ഗണേഷ് പറഞ്ഞത്. വോട്ടര്‍ പട്ടികയിലെ ഓരോ പേജിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ നിശ്ചിത വീടുകളില്‍ നിരന്തരം സന്ദര്‍ശിക്കുന്ന രീതിയാണ് സംഘടനാ സംവിധാനം ശക്തമായ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തുന്നത്. അതേസമയം, സംഘടനാ സംവിധാനം അത്രമേല്‍ശക്തമല്ലാത്ത കേരളത്തിലും തമിഴ്നാട്ടിലും ഇത്തരം ബൂത്ത് തിരിച്ചുള്ള പ്രവര്‍ത്തനം പ്രായോഗികമല്ലെന്നും ഗണേഷ് തുറന്നു സമ്മതിക്കുന്നു.

ബംഗളൂരുവിലെ കോണ്‍ഗ്രസ് പരസ്യം പതിച്ച ബസ് സ്റ്റോപ്
ബംഗളൂരുവിലെ കോണ്‍ഗ്രസ് പരസ്യം പതിച്ച ബസ് സ്റ്റോപ്

1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ ആകെ ചിലവിട്ട തുക 10.5 കോടി രൂപയായിരുന്നു. ഇത് 2014ലേക്കെത്തുമ്പോഴേക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം തന്നെ 3870.3 കോടി രൂപയായി കുതിച്ചുയര്‍ന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് കടിഞ്ഞാണിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍, അതിനെ മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും.