LiveTV

Live

National

എസ്.പി- ബി.എസ്.പി സഖ്യശക്തി വിളിച്ചോതി അംബേദ്ക്കര്‍ ജയന്തി ആഘോഷം

രാഷ്ട്രീയപരമായി ചിതറി നില്‍ക്കുന്ന ദലിത് സമൂഹങ്ങളുടെ ഐക്യമത്യത്തിന്റെ പ്രകടനമായിരുന്നു ഇത്തവണത്തെ ഭീംജയന്തി.

എസ്.പി- ബി.എസ്.പി സഖ്യശക്തി വിളിച്ചോതി  അംബേദ്ക്കര്‍ ജയന്തി ആഘോഷം

ഉത്തര്‍പ്രദേശിലെ എസ്.പി- ബി.എസ്.പി മഹാഗഡ്ബന്ധന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു ബാബാ അംബേദ്കര്‍ ജയന്തി ആഘോഷ വേദി. ബഹുജന്‍ സമാജ് എന്ന് അറിയപ്പെടുന്ന ദലിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ ഇത്തവണ വര്‍ദ്ധിച്ച ഉത്സാഹത്തോടെയാണ് ലഖ്‌നൗവിലും പരിസരങ്ങളിലും ഭീംജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തത്. രാഷ്ട്രീയപരമായി ചിതറി നില്‍ക്കുന്ന ദലിത് സമൂഹങ്ങളുടെ ഐക്യമത്യത്തിന്റെ പ്രകടനം കൂടിയായി ഇത്തവണത്തെ ഭീംജയന്തി.

ഉത്തര്‍പ്രദേശില്‍ എന്നല്ല ഇന്ത്യയിലെ ഏതാണ്ടെല്ലാ ദലിത് സമൂഹങ്ങള്‍ക്കും ഏറ്റവും വലിയ ആഘോഷമാണ് ബാബാ അംബേദ്കര്‍ ജയന്തി. ഉത്തര്‍പ്രദേശില്‍ ഇത്തവണത്തെ ഭീം ജയന്തി ആഘോഷങ്ങള്‍ കൂടുതല്‍ നിറപ്പകിട്ടുള്ളതായിരുന്നു. 1993-ന് ശേഷം ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അത് ദലിത് സമൂഹത്തിന്റെയും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടേയും സംയുക്തമായ സമരമായി മാറുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഏറ്റവുമധികം അടിച്ചമര്‍ത്തല്‍ അനുഭവിച്ച ന്യൂനപക്ഷങ്ങളുടേയും തൊഴിലാളികളുടേയും കര്‍ഷകരുടേയും യോജിപ്പു കൂടിയാണ് ഇത് മറ്റൊരു തരത്തില്‍. അതുകൊണ്ട് തന്നെ സഖ്യത്തിന്റെ പ്രധാന കക്ഷിയായ ബി.എസ്.പിക്ക് ശക്തി പകര്‍ന്ന് കൊണ്ട് ഭീംജയന്തി ആഘോഷങ്ങളില്‍ സജീവമായ പങ്കാളിത്തം ഉറപ്പിക്കാനും, ആഘോഷം മഹാഗഡ്ബന്ധന്റെ രാഷ്ട്രീയ പരിപാടിയാക്കാനും സമാജ്‌വാദിപാര്‍ട്ടിയും പ്രദേശിക മുസ്ലീം നേതൃത്വവും പൂര്‍ണ്ണശ്രദ്ധ ചെലുത്തി.

ജാദവരല്ലാത്ത ദലിതരേയും യാദവരല്ലാത്ത പിന്നാക്ക വിഭാഗത്തെയും തങ്ങള്‍ക്കൊപ്പം അണിനിരത്തി ബി.എസ്.പിയുടേയും എസ്.പിയുയും വോട്ട് ബാങ്ക് ജാദവരിലും യാദവരിലും ഒതുക്കുക എന്ന തന്ത്രമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയകരമായി പരീക്ഷിച്ചത്. പാസികളും വാല്‍മീകികയും ധോബികളും അടങ്ങുന്ന ജാദവ ഇതര ദലിത് സമൂഹത്തിന്റെ വോട്ടുകള്‍ നേടാനായതാണ് ബി.ജെ.പിയുടെ ശക്തിയായി മാറിയത് എന്ന ബോധ്യം ഇന്ന് യു.പി.യിലെ ദലിത് സമൂഹങ്ങള്‍ക്ക് വ്യക്തമായുണ്ട്. അതുകൊണ്ട് തന്നെ അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ ദലിത് ഐക്യത്തിന്റെ രാഷ്ട്രീയ സൂചന കൂടിയാണ് ഇത്തവണ നല്‍കിയത്.