LiveTV

Live

National

മായാവതിക്ക് നിര്‍ണായകമായി ആ എട്ടു സീറ്റുകള്‍

മായാവതിക്ക് നിര്‍ണായകമായി ആ എട്ടു സീറ്റുകള്‍

രണ്ടാം ഘട്ടത്തില്‍ യു.പിയില്‍ തെര‍ഞ്ഞെടുപ്പു നടക്കുന്ന എട്ടു സീറ്റുകള്‍ മഹാ സഖ്യത്തിനും മായാവതിക്കും നിര്‍ണായകം. മായാവതിയുടെ പരമ്പരാഗത ശക്തി സ്രോതസ്സായ ദലിത് വോട്ടുകള്‍ക്കു വോട്ടുകള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. നാഗിന, അംറോഹ, അലീഗഢ്, ആഗ്ര, ബുലന്ദ്ശഹര്‍, ഹത്റാസ്, മഥുര, ഫതേപുര്‍ എന്നീ എട്ടു സീറ്റുക്കളില്‍ നാലും പട്ടികജാതി സംവരണമാണ്. ഈ എട്ടു സീറ്റുകളും 2014 ല്‍ ബി.ജെ.പി വിജയിച്ചതാണ്. ഇത്തവണ ബി.എസ്.പി - എസ്.പി- ആര്‍.എല്‍.ഡി മഹാസഖ്യത്തിന്റെ കരുത്തില്‍ വലിയ പ്രതീക്ഷയിലാണ് മായാവതി ഇവിടെ. ആറിടത്തും ബി.എസ്.പിയുടെ സ്ഥാനാര്‍ഥികളുമാണ്.

ദലിത് വോട്ടര്‍മാര്‍ക്കൊപ്പം ജാട്ടുകള്‍ക്കും ഗുജ്ജറുകള്‍ക്കും മുസ്‍ലിംകള്‍ക്കും ഇവിടെ ഗണ്യമായ സ്വാധീനമുണ്ട്. നാഗിന, അംറോഹ, അലീഗഢ്, ആഗ്ര എന്നിവിടങ്ങളില്‍ ദലിത്-മുസ്‍ലിം വോട്ടുകള്‍ മാത്രം 40-50 ശതമാനം വരും.ബുലന്ദ്ശഹര്‍. ഹത്റാസ്, മഥുര, ഫതേപുര്‍ മണ്ഡലങ്ങളാകട്ടെ ജാട്ട്, ഗുജ്ജര്‍ സ്വാധീനമേഖലയും.

ദലിത്, ജാട്ട്, ഗുജ്ജര്‍ വോട്ടുകളുടെ സമാഹരണം വഴിയാണ് ഈ മേഖലയില്‍ 2014 ല്‍ ബി.ജെ.പി നേട്ടം കൊയ്തത്. 2013 ലെ മുസഫര്‍നഗര്‍ കലാപത്തിനു ശേഷം ബി.ജെ.പിക്ക് അതിന് അനായാസം സാധിച്ചിരുന്നു. ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കിണ‍ഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും വര്‍ഗീയ വിഭജനം അത്രകണ്ട് സാധ്യമായിട്ടില്ല. അതേസമയം, ദലിത്-മുസ്‍ലിം വോട്ട് സമാഹരണത്തിനാണ് മഹാസഖ്യത്തിന്റെ ശ്രമം. കനത്ത മത്സരം നേരിടുമെന്ന് ഉറപ്പായതിനാല്‍ തന്ത്രപൂര്‍വമാണ‌് ബി.ജെ.പിയുടെ നീക്കങ്ങള്‍.

സംവരണ മണ്ഡലങ്ങളിലെ രണ്ടു സിറ്റിങ്ങ് എം.പിമാരെ ഇതിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. ദലിത്-ന്യൂനപക്ഷ ഇതര വോട്ടുകള്‍ എങ്ങനെ മഹാസഖ്യത്തോട് പ്രതികരിക്കുമെന്നതിന്റെ ഉരകല്ലുകൂടിയാണ് രണ്ടാംഘട്ടം. കാര്യമായ മുസ്‍ലിം സാന്നിധ്യമുള്ള അംറോഹ, അലീഗഢ് തുടങ്ങിയ സംവരണരഹിത മണ്ഡലങ്ങളിലും ബി.ജെ.പി-ബി.എസ്.പി മത്സരം കടുക്കും.