LiveTV

Live

National

ബീഹാറില്‍ ഇത്തവണ ജെ.ഡി.യുവിന് വിജയം അത്ര എളുപ്പമാവില്ല

സീമാഞ്ചല്‍ മേഖലയില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം അതിശക്തമായ നിലനില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പൂര്‍ണിയ. 6 ലക്ഷത്തോളം മുസ്ലീം വോട്ടര്‍മാരും ഒന്നര ലക്ഷം യാദവ വോട്ടുകളുമുള്ള ഈ മണ്ഡലത്തില്‍...

ബീഹാറില്‍ ഇത്തവണ ജെ.ഡി.യുവിന് വിജയം അത്ര എളുപ്പമാവില്ല

2014ലെ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ നിന്നും ജയിച്ചു കയറിയ സ്ഥാനാര്‍ത്ഥിയാണ് സന്തോഷ് കുമാര്‍ കുശ്‍വാഹ. ജനതാദള്‍ യുനൈറ്റഡിന്റെ രണ്ട് മുഖങ്ങളില്‍ ഒന്നായിരുന്നു കുശവാഹയുടേത്. സീമാഞ്ചല്‍ മേഖലയിലെ പൂര്‍ണ്ണിയ മണ്ഡലത്തിലാണ് കുശ്‍വാഹ വിജയം കരസ്ഥമാക്കിയത്. കോണ്‍ഗ്രസ് രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥിയോടുള്ള വോട്ടര്‍മാരുടെ അസംതൃപ്തിയാണ് തുടക്കക്കാരനായ കുശ്‍വാഹക്ക് അനുകൂല വോട്ടുകളായി പരിണമിച്ചത്. എന്നാല്‍ ഇത്തവണ മണ്ഡലത്തിലെ വിജയം ജെ.ഡി.യുവിന് അത്ര എളുപ്പമല്ല.

സീമാഞ്ചല്‍ മേഖലയില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം അതിശക്തമായ നിലനില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പൂര്‍ണിയ. 6 ലക്ഷത്തോളം മുസ്ലീം വോട്ടര്‍മാരും ഒന്നര ലക്ഷം യാദവ വോട്ടുകളുമുള്ള ഈ മണ്ഡലത്തില്‍ ഉദയ് സിംഗ് ആണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. പപ്പു സിംഗ് എന്നറിയപ്പെടുന്ന ഉദയ് സിംഗ് ബി.ജെ.പി വിട്ടെത്തിയ സ്ഥാനാര്‍ത്ഥിയാണ്. മണ്ഡലത്തിലെ രണ്ടര ലക്ഷം സവര്‍ണ വോട്ടുകള്‍ ഇത്തവണ പിളരുമെന്നാണ് സൂചന.

2004ല്‍ പപ്പു സിംഗ് കോണ്‍ഗ്രസ് വിട്ടാണ് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പിയുടെ സീറ്റ് വിതരണ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പൂര്‍ണിയ സന്തോഷ് കുമാര്‍ കുശ്‍വാഹക്കു തന്നെ നല്‍കുമെന്ന് ഉറപ്പായതോടെയാണ് പപ്പു സിംഗ് കഴിഞ്ഞ ജനുവരിയില്‍ പ്രവര്‍ത്തകരോടൊപ്പം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. നരേന്ദ്ര മോദി വാക്കു പാലിക്കാത്ത പ്രധാനമന്ത്രിയാണെന്ന് പപ്പു സിംഗ് മീഡിയാവണില്‍ നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

മണ്ഡലത്തിലെ അഞ്ചു ലക്ഷം പിന്നോക്ക വോട്ടുകള്‍ തന്നോടൊപ്പം നില്‍ക്കുമെന്നാണ് കുശ്‍വാഹയുടെ പ്രതീക്ഷ. എന്നാല്‍ സന്തോഷ് കുശ്‍വാഹക്കെതിരെയാണ് മണ്ഡലത്തില്‍ ജനവികാരം. നിധീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ ജെ.ഡി.യു വിജയത്തിന് വഴിയൊരുക്കിയ മുസ്ലീം വോട്ടുകള്‍ ഇത്തവണ കുശ്‍വാഹയോടൊപ്പം നില്‍ക്കാനിടയില്ല.