LiveTV

Live

National

‘മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ കോഴ നല്‍കി’; ഡയറിയുടെ യഥാര്‍ഥ ദൃശ്യങ്ങള്‍ പുറത്ത്

2008 മെയ‌് മുതൽ 2011 മെയ‌് വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയുടെ ഔദ്യോഗിക ഡയറിയാണ് കോൺഗ്രസിന്റെ കൈവശമുള്ളത്. കന്നട ഭാഷയിൽ സ്വന്തം കൈപ്പടയിലാണ‌് യെദ്യൂരപ്പ കോഴവിവരങ്ങൾ രേഖപ്പെടുത്തിയത്.

‘മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ കോഴ നല്‍കി’; ഡയറിയുടെ യഥാര്‍ഥ ദൃശ്യങ്ങള്‍ പുറത്ത്

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് കോഴ നല്‍കിയത് രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോൺഗ്രസ്. ഈ ഡയറിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ യെദ്യൂരപ്പ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

2008 മെയ‌് മുതൽ 2011 മെയ‌് വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയുടെ ഔദ്യോഗിക ഡയറിയാണ് കോൺഗ്രസിന്റെ കൈവശമുള്ളത്. ഇതിൽ കന്നട ഭാഷയിൽ സ്വന്തം കൈപ്പടയിലാണ‌് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിന് ദേശീയ നേതൃത്വത്തിന് നല്‍കിയ കോഴവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത‌്. ഓരോ പേജിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട‌്. തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇടപെടണം, ഡയറി കളവെങ്കിൽ യെദ്യൂരപ്പക്കെതിരെ നടപടി വേണം, പണം എവിടെ നിന്ന് വന്നു എന്ന് പരിശോധിക്കണം, പരാതി ലോക് പാൽ അന്വേഷിക്കണം, പ്രധാനമന്ത്രി മറുപടി നൽകണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

2017 ആഗസ്ത് 2ന് ഡി.കെ ശിവകുമാറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പിന് ഡയറിയുടെ പകര്‍പ്പ് ലഭിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ ഡയറി ലഭിക്കാത്തതിനാലാണ് തുടര്‍ നടപടി ഉണ്ടാകാതിരുന്നത് എന്നായിരുന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണം.