LiveTV

Live

National

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട പോളിങില്‍ കുറവ്; ആശങ്കയില്‍ ബി.ജെ.പി

പശ്ചിമ യു.പിയിലെ എട്ട് മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വിധിയെഴുതിയത്. ഇവിടെ കഴിഞ്ഞ തവണത്തെ പോളിങ് 66%. ഇത്തവണ 63.9%. പോളിങ് ശതമാനം കുറഞ്ഞത് ബി.ജെ.പി വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട പോളിങില്‍ കുറവ്; ആശങ്കയില്‍ ബി.ജെ.പി

ഉത്തര്‍പ്രദേശിലെ ഒന്നാം ഘട്ട പോളിങ് ശതമാനത്തില്‍ ബി.ജെ.പിക്ക് ആശങ്ക. കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ശതമാനം കുറഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
ഇതോടെ അടുത്ത ഘട്ടങ്ങളില്‍ പുതിയ തന്ത്രങ്ങള്‍ മെനയാനുള്ള പുറപ്പാടിലാണ് നേതൃത്വം.

പശ്ചിമ യു.പിയിലെ എട്ട് മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വിധിയെഴുതിയത്. ഇവിടെ കഴിഞ്ഞ തവണത്തെ പോളിങ് 66 ശതമാനം. ഇത്തവണ 63.9 ശതമാനം. പോളിങ് ശതമാനം കുറഞ്ഞത് ബി.ജെ.പി വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മോദി അനുകൂല തരംഗത്തിലാണ് 2014ല്‍ പോളിങ് വര്‍ധിച്ചതെങ്കില്‍ ഇത്തവണ ബി.ജെ.പി വോട്ടര്‍മാര്‍ ആവേശം കാട്ടിയില്ല എന്നാണ് ശതമാനത്തിലെ കുറവ് സൂചിപ്പിക്കുന്നത്.

കൈരാന, മീററ്റ്, സഹാരന്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ മാത്രം 49 ശതമാനത്തോളം വോട്ടാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചത്. ഫലം എല്ലാ സീറ്റിലും വന്‍ഭൂരിപക്ഷത്തില്‍ ജയം ബി.ജെ.പിക്ക്. വാഗ്ദാനങ്ങള്‍ നടപ്പിലാകാത്തതും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ബി.ജെ.പിയുടെ പരമ്പരാഗത വോട്ടര്‍മാരെപ്പോലും പോളിങ് ബൂത്തില്‍ നിന്ന് പിന്തിരിപ്പിച്ചെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ തവണയും ആദ്യ ഘട്ട പോളിങ് നടന്ന ഈ മണ്ഡലങ്ങളിലെ പ്രവണത സംസ്ഥാനത്താകെ പടരുകയും ബി.ജെ.പിക്ക് വന്‍വിജയം സമ്മാനിക്കുകയും ചെയ്തു. 80 ല്‍ 71 സീറ്റും ബി.ജെ.പി നേടി. സംസ്ഥാനത്ത് ബി.എസ്.പി-എസ്.പി സഖ്യം വെല്ലുവിളിയാകുന്നതിന് പുറമെയാണ് ബി.ജെ.പി പ്രതീക്ഷകള്‍ കെടുത്തിക്കൊണ്ട് പോളിങ് ശതമാനത്തില്‍ കുറയുകയും ചെയ്തത്.