LiveTV

Live

National

എ.എ.പി - കോണ്‍ഗ്രസ് സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്ന് രാഹുല്‍ 

4 സീറ്റ് നല്‍കാന്‍ സന്നദ്ധമായിട്ടും കെജ്‍രിവാള്‍ യു-ടേണ്‍ അടിക്കുകയാണെന്നും രാഹുല്‍.

എ.എ.പി - കോണ്‍ഗ്രസ് സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്ന് രാഹുല്‍ 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാല് സീറ്റുകള്‍ എ.എ.പിക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച രാഹുല്‍, ചര്‍ച്ചക്ക് ഇനിയും സമയമുണ്ടെന്നും ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ധാരണയായിരുന്നില്ല. ഈ സാഹചര്യത്തില്‍ സഖ്യ രൂപീകരണം തടസ്സപ്പെടുന്നതില്‍ കെജ്‍രിവാളിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 4 സീറ്റ് നല്‍കാന്‍ സന്നദ്ധമായിട്ടും കെജ‍്‍രിവാള്‍ യുടേണ്‍ അടിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സമയം അതിക്രമിക്കുകയാണ്. പക്ഷെ തങ്ങളുടെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഏപ്രില്‍ 18ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് നേതാക്കളും സ്ഥാനാര്‍ഥികളും. ന്യായ് പദ്ധതിയും റാഫേലും നോട്ടുനിരോധനവും ഉന്നയിച്ചായിരുന്നു ഉത്തര്‍പ്രദേശിലെ അലിഗഢില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സംയുക്തമായാണ് റാലി നടത്തിയത്. ബി.എസ്.പി അധ്യക്ഷ മായാവതിയും ഇന്ന് അലിഗഢില്‍ റാലി നടത്തി. ഗുജറാത്തിലെ ബാവ്നഗറിലെയും മഹാരാഷ്ട്രയിലെ നന്ദേഡിലെയും പ്രചാരണ റാലികളെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. ഒഡീഷയിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്ന് പ്രചാരണം. പുല്‍വാമ ഭീകരാക്രമണം വീണ്ടും തെരഞ്ഞെടുപ്പ് ആയുധമാക്കിയായിരുന്നു യോഗിയുടെ പ്രസംഗം.