LiveTV

Live

National

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം; പ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംയുക്ത റാലി നടത്തും.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം; പ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി

രണ്ടാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം. നിശബ്ദ പ്രചാരണത്തിന് ഒരു ദിവസം ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും‍. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംയുക്ത റാലി നടത്തും. തുടർച്ചയായ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി ഇന്ന് ഡൽഹിയിലുണ്ട്. ഒഡീഷയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.

ഏപ്രില്‍ 18ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുമായി 1600ൽ അധികം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. തമിഴ്നാട്ടിലെ 39 ലോക്സഭ മണ്ഡങ്ങളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും രണ്ടാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പുള്ള മണ്ഡലങ്ങളില്‍ പ്രചാരണത്തിന് മണിക്കൂര്‍ മാത്രമാണ് ബാക്കിയുള്ളത്.

വോട്ടുറപ്പിക്കാനുള്ള അവസാന ഘട്ട ശ്രമത്തിലാണ് നേതാക്കളും സ്ഥാനാര്‍ത്ഥികളും. ഉത്തര്‍പ്രദേശിലെ അലിഖഢില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംയുക്ത റാലി നടത്തും. ശേഷം രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ബാവ്നഗറിലും മഹാരാഷ്ട്രയിലെ നന്ദഡിലും പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഒഡീഷയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രചാരണത്തിനെത്തും.

ബി.ജെ.പിയും പ്രധാനമന്ത്രിയും പെരുമാറ്റച്ചട്ട ലംഘനം തുടരുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ശക്തമാണ്. ഇക്കാര്യം ഉന്നയിച്ചുള്ള നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലുള്ളത്. കര്‍ണാടകയില്‍ പ്രചാരണ പരിപാടിക്കെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിലുണ്ടായിരുന്ന പെട്ടി സംബന്ധിച്ചും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.