LiveTV

Live

National

അംബേദ്കറെച്ചൊല്ലി മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ട്വിറ്ററില്‍ പോര്

അംബേദ്കറെക്കുറിച്ചുള്ള വിഡിയോ ആണ് മോദി ട്വീറ്റ് ചെയ്തത്. തന്നെപ്പോലെ കോടിക്കണക്കിന് പേര്‍ക്ക് പ്രചോദനമാണ് അംബേദ്കറെന്ന് മോദി...

അംബേദ്കറെച്ചൊല്ലി മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ട്വിറ്ററില്‍ പോര്

അംബേദ്കറെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ ട്വിറ്ററില്‍ പോര്. അംബേദ്കര്‍ക്ക് ആദരവ് അര്‍പ്പിച്ച് മോദി വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ, അംബേദ്കര്‍ മുന്നോട്ടുവെച്ച മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തിയവര്‍ ഇപ്പോള്‍ ഓര്‍മ്മ പുതുക്കി അനാദരവ് കാട്ടുകയാണെന്ന് രാഹുല്‍ പരിഹസിച്ചു.

അംബേദ്കര്‍ ജയന്തി ദിനത്തിലാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ട്വിറ്ററില്‍ വാക്പോര്. അംബേദ്കറെക്കുറിച്ചുള്ള വീഡിയോ ആണ് മോദി ട്വീറ്റ് ചെയ്തത്. തന്നെപ്പോലെ കോടിക്കണക്കിന് പേര്‍ക്ക് പ്രചോദനമാണ് അംബേദ്കറെന്ന് മോദി. കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഒളിയമ്പും. ധനിക കുടുംബത്തില്‍ ജനിക്കണമെന്നില്ല, ദരിദ്ര കുടുംബത്തില്‍ പിറന്നവര്‍ക്കും വലിയ കാര്യങ്ങള്‍ സ്വപ്നം കാണാനും നേടിയെടുക്കാനുമാവുമെന്നും വീഡിയോയിലുണ്ട്.

പിന്നാലെ മറുപടിയുമായി രാഹുല്‍. അംബേദ്കര്‍ മുന്നോട്ടുവെച്ച നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കായി വീണ്ടും സ്വയം സമര്‍പ്പിക്കാം. എന്നാല്‍ ഈ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തിയവര്‍ തന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നത് കടുത്ത അക്രമമാണെന്നും രാഹുലിന്റെ പരിഹാസം.

രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി മോദി തുടങ്ങിയവര്‍ ഡല്‍ഹിയിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയതാണ് അംബേദ്കറുടെ ഏറ്റവും വലിയ സംഭാവനയെന്ന് രാഷ്ട്രപതി അനുസ്മരിച്ചു.