LiveTV

Live

National

അംബേദ്ക്കറുടെ 128ാം ജന്മ ദിനം; ഹൈദരാബാദില്‍ പ്രതിമ തകര്‍ത്ത് കുപ്പതൊട്ടിയിലെറിഞ്ഞ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 

അംബേദ്ക്കറുടെ 128ാം ജന്മ ദിനം; ഹൈദരാബാദില്‍ പ്രതിമ തകര്‍ത്ത് കുപ്പതൊട്ടിയിലെറിഞ്ഞ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബാബാ സാഹെബ് അംബേദ്ക്കറുടെ 128ാം ജന്മ ദിനത്തില്‍ ഹൈദരാബാദില്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്ത് കുപ്പതൊട്ടിയിലെറിഞ്ഞ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരാണ് പുതിയതായി പണികഴിപ്പിച്ച 10 അടി വലുപ്പമുള്ള പ്രതിമ നീക്കം ചെയ്ത് കുപ്പതൊട്ടിയില്‍ ഉപേക്ഷിച്ചത്.

ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ സ്ഥാപിച്ചു എന്ന കാരണം പറഞ്ഞാണ് കോര്‍പ്പറേഷന്‍ പ്രതിമ പൊതുയിടത്തില്‍ നിന്നും നീക്കം ചെയ്തത്. പഞ്ചഗുട്ടയില്‍ നിന്നും നീക്കം ചെയ്ത പ്രതിമ പിന്നീട് ജവഹര്‍നഗറിനടുത്തുള്ള കുപ്പതൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവം വിവാദമായതോടെ പ്രതിമ സ്ഥാപിച്ച അംബേദ്ക്കര്‍ സ്റ്റാറ്റ്യൂ പ്രൊട്ടക്ഷന്‍ കമ്മറ്റി വലിയ പ്രതിഷേധ സമരങ്ങളാണ് സംഘടിപ്പിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി ഒടുവില്‍ അധികൃതര്‍ രംഗത്ത് വന്നു. പ്രതിമ വാഹനത്തില്‍ നീക്കം ചെയ്യുന്നതിനിടയില്‍ തകരുകയായിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിമ സ്ഥാപിക്കാനാവശ്യമായ എല്ലാ വിധ അനുമതികളും തങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് അംബേദ്ക്കര്‍ സ്റ്റാറ്റ്യൂ പ്രൊട്ടക്ഷന്‍ കമ്മറ്റിയും അറിയിച്ചു.

ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ഹൈദരാബാദ് പൊലീസും ബി.ആര്‍ അംബേദ്ക്കറെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അപമാനിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടികളെടുക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അംബേദ്ക്കര്‍ സ്റ്റാറ്റ്യൂ പ്രൊട്ടക്ഷന്‍ കമ്മറ്റി നേതാവ് കുമാര്‍ പ്രതികരിച്ചു.

സംഭവത്തില്‍ സീനിയര്‍ ഐ.എ.എസ് ഓഫീസറുടെ നേത്യത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.