LiveTV

Live

National

രണ്ടാം ഘട്ട പോളിങിന് ഇനി മൂന്ന് നാള്‍; അവസാനവട്ട പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍

ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനാല്‍ ബംഗാളില്‍ ഇന്ന് നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലി റദ്ദാക്കി

രണ്ടാം ഘട്ട പോളിങിന് ഇനി മൂന്ന് നാള്‍; അവസാനവട്ട പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ അവസാനവട്ട പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍. ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനാല്‍ ബംഗാളില്‍ ഇന്ന് നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലി റദ്ദാക്കി. കോണ്‍ഗ്രസ് 18 പേരുടെ സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തിറക്കി.

ഏപ്രില്‍ 18നാണ് രണ്ടാം ഘട്ട പോളിങ്. 97 ലോക്സഭ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകും. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും അന്നാണ് വോട്ടെടുപ്പ്. കര്‍ണാടകയില്‍ ആദ്യ ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട പോളിങ്ങില്‍ വന്നിട്ടുള്ള പോരായ്മകളും വീഴ്ചകളും പരിഹരിച്ച് പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് പാര്‍ട്ടികളുടെ ശ്രദ്ധ. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രചാരണങ്ങള്‍.

ഇന്ന് ബംഗാളിലെ സിലിഗുരിയിലായിരുന്നു രാഹുല്‍ ഗാന്ധി റാലി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഇതോടെ റാലി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ 9, ഹരിയാനയിലെ 6, മധ്യപ്രദേശിലെ 3 ഉം സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കുമാരി സെല്‍ ഹരിയാനയിലെ അംബാലയിലും ദീപേന്ദര്‍ സിങ് ഹൂഡ റോഹ്തകിലും ജനവിധി തേടും. ഇ.വി.എം സംബന്ധിച്ച പരാതികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും.