LiveTV

Live

National

ജെ.ഡി.എസ് ‘കൈ’പിടിക്കുമോ? അതോ കയ്യൊഴിയുമോ?

കര്‍ണ്ണാടകയില്‍ ലോക്സഭയുടെ മാത്രമല്ല നിലവിലെ കുമാരസ്വാമി മന്ത്രിസഭയുടെ കൂടി വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. വോട്ട് യാത്ര – ചിക്കബെല്ലാപുര, തുംകൂര്‍...

 ജെ.ഡി.എസ്  ‘കൈ’പിടിക്കുമോ? അതോ കയ്യൊഴിയുമോ?

കര്‍ണ്ണാടകയില്‍ ലോക്സഭയുടെ മാത്രമല്ല നിലവിലെ കുമാരസ്വാമി മന്ത്രിസഭയുടെ കൂടി വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. മെട്രോ നഗരമായ ബംഗളൂരുവിനോട് ചേര്‍ന്നു കിടക്കുന്ന ലോക്സഭാ മണ്ഡലങ്ങളാണ് ചിക്കബെല്ലാപുരയും തുംകൂരും. ഭൂമിശാസ്ത്രപരമായ ഈ അടുപ്പമല്ലാതെ പൂന്തോട്ട നഗരത്തിന്‍റെ വര്‍ണ്ണപ്പകിട്ടുകളൊന്നുമില്ലാത്ത പ്രദേശങ്ങള്‍. അതേസമയം, ഇപ്പോഴും താഴേക്കിടയില്‍ ഇഴയടുപ്പമില്ലാത്ത കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്‍റെ മാറ്റ് ഉരച്ചു നോക്കുന്ന പ്രധാന മണ്ഡലങ്ങളാണിവ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എം.വീരപ്പമൊയ് ലി 4,24,800 വോട്ടുകളാണ് നേടിയത് ബി.ജെ.പിയുടെ പി.എന്‍ ബച്ചെ ഗൌഡ 4,15,280 വോട്ടും ജെ.ഡി.എസിന്‍റെ എച്ച്.ഡി കുമാരസ്വാമി 3,46,339 വോട്ടും നേടി. ഇത്തവണ വീരപ്പ മൊയ്ലിയും ബച്ചെ ഗൌഡയുമാണ് നേരിട്ടേറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യമായി മത്സരിക്കുന്നതിനാല്‍ സാമാന്യ കണക്കു പ്രകാരം വീരപ്പ മൊയ്ലി രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിക്കണം. എന്നാല്‍ കോണ്‍ഗ്രസിന്റെ വന്യമായ സ്വപ്നങ്ങളില്‍ പോലും അത്തരം ജയമില്ല.

ടയര്‍ കടയില്‍ വെച്ച് കണ്ട നാസിര്‍ അഹ്മദ്
ടയര്‍ കടയില്‍ വെച്ച് കണ്ട നാസിര്‍ അഹ്മദ്

ചിക്കബെല്ലാപുര മാര്‍ക്കറ്റിനടുത്തുള്ള ടയര്‍ കടയില്‍ വെച്ചാണ് നാസിര്‍ അഹമ്മദുമായി സംസാരിക്കുന്നത്. ഇവിടെ വീരപ്പ മൊയ്ലി ജയിക്കുമെന്ന് നാസിര്‍ ഉറപ്പിച്ച് പറയുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്കും ഇതേ അഭിപ്രായമെങ്കിലും ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം ഗുണം ചെയ്യുമെന്നും ഇല്ലെന്നുമുള്ള തര്‍ക്കവും ഉയര്‍ന്നു.

ചെമ്മരിയാടുകളുമായി നാരായണപ്പയും രത്നമ്മയും
ചെമ്മരിയാടുകളുമായി നാരായണപ്പയും രത്നമ്മയും
 ജെ.ഡി.എസ്  ‘കൈ’പിടിക്കുമോ? അതോ കയ്യൊഴിയുമോ?

ചിക്കബെല്ലാപുര മാര്‍ക്കറ്റിനുള്ളിലൂടെയുള്ള വഴിയിലൂടെ ഉള്‍ഗ്രാമങ്ങളിലേക്കുള്ള യാത്രക്കിടെയാണ് ചെമ്മരിയാടുകളുമായി രത്നമ്മയേയും നാഗപ്പയേയും കണ്ടത്. പാടങ്ങളില്‍ നിന്നും പാടങ്ങളിലേക്ക് ചെമ്മരിയാടുകള്‍ക്കുള്ള ഭക്ഷണം തേടിയുള്ള അലച്ചിലിലാണിവര്‍. വോട്ടെടുപ്പിനെക്കുറിച്ചോ തെരഞ്ഞെടുപ്പിനെക്കുറിച്ചോ തീരെ വേവലാതിയില്ലാത്തവര്‍.

വഴിയോരത്തെ പെട്ടിക്കടയിലെ നാഗേശ്വര
വഴിയോരത്തെ പെട്ടിക്കടയിലെ നാഗേശ്വര

മരത്തണലില്‍ ചായക്കട നടത്തുന്ന നാഗേശ്വരയാണ് ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞത്. വൊക്കലിഗ സമുദായത്തിന്‍റെ വോട്ടെല്ലാം ബച്ചെ ഗൌഡയുടെ പെട്ടിയില്‍ വീഴുമെന്നും ചൂടു ചായ ഗ്ലാസിലേക്കൊഴിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. നാഗേശ്വരയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് തുടര്‍ച്ചയായി ഓട്ടോകളിലും മറ്റും കൊട്ടും പാട്ടുമായി കുറേപേര്‍ പോകുന്നത് കണ്ടത്. രാമനവമി ആഘോഷിക്കാന്‍ പോകുന്നവരെന്ന് ആദ്യം കരുതിയെങ്കിലും ചില കോണ്‍ഗ്രസ് തൊപ്പികള്‍ കണ്ണില്‍പെട്ടതോടെ തെരഞ്ഞെടുപ്പു ബന്ധം മനസിലായി.

തുംകൂരിലെ ജെ.ഡി.എസ് തെരഞ്ഞെടുപ്പ് യോഗം
തുംകൂരിലെ ജെ.ഡി.എസ് തെരഞ്ഞെടുപ്പ് യോഗം

നാഗേശ്വര തന്നെയാണ് മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീരപ്പ മൊയ്ലി ഉണ്ടെന്ന സൂചന തന്നത്. അവിടെയെത്തുമ്പോഴേക്ക് യോഗം തുടങ്ങിയിരുന്നു. സ്റ്റേജില്‍ വീരപ്പമൊയ്ലി അടക്കമുള്ളവരുണ്ട്. ഒരു സമുദായത്തിന്‍റേയും പിന്തുണയിലല്ല താന്‍ നേതാവായതെന്നും നിങ്ങളാണെന്നെ നേതാവാക്കിയതെന്നും വീരപ്പമൊയ്ലി പറയുമ്പോള്‍ നീണ്ട കയ്യടി ഉയര്‍ന്നു.

 കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വീരപ്പ മൊയ് ലി സംസാരിക്കുന്നു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വീരപ്പ മൊയ് ലി സംസാരിക്കുന്നു

കോണ്‍ഗ്രസിന് അഞ്ച് എം.എല്‍.എമാരും ജെ.ഡി.എസിന് രണ്ട് എം.എല്‍.എമാരുമുള്ള ചിക്കബെല്ലാപുരയില്‍ ബി.ജെ.പി പ്രതീക്ഷകളെല്ലാം മണ്ഡലത്തിലെ പ്രബലമായ വൊക്കലിഗ സമുദായത്തിന്‍റെ വോട്ടുകളെ ചുറ്റിപ്പറ്റിയാണ്. കൂട്ടത്തില്‍ ഏച്ചുകെട്ടിയ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിലെ ചേര്‍ച്ചക്കുറവിലും. വീരപ്പമൊയ്ലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടയിലും ഒരൊറ്റ ജെ.ഡി.എസ് കൊടികളും കണ്ടില്ലെന്നത് സഖ്യം താഴേത്തട്ടിലെത്തിയിട്ടില്ലെന്നതിന്‍റെ സൂചനകളും നല്‍കുന്നു.

കന്ത് വാരയിലെ കാലിച്ചന്തയിലെ രക്കമ്മ
കന്ത് വാരയിലെ കാലിച്ചന്തയിലെ രക്കമ്മ

ചിക്ബെല്ലാപുരയില്‍ നിന്നും തുംകൂരിലേക്ക് പോകും വഴി കന്ത് വാരയിലെ കാലി ചന്തയില്‍ വെച്ചാണ് രാമക്കയെ കണ്ടത്. കാലി വില്‍പനക്കാരായ ശ്രീനിവാസും രാജുവും വിജയും കൂട്ടത്തിലുണ്ട്. മോദിയും ബി.ജെ.പിയും ജയിക്കുമെന്നാണ് മുറുക്കാന്‍ ചവച്ചുകൊണ്ട് രാമക്ക ഉറപ്പിച്ച് പറയുന്നത്.

ദേവഗൌഡ മത്സരിക്കുന്ന തുംകൂരിലെ കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്‍റ് ആര്‍ രാമകൃഷ്ണക്ക് പോലും സഖ്യത്തെക്കുറിച്ച് മതിപ്പും ഉറപ്പുമില്ല. വോട്ട് എണ്ണിയശേഷമല്ലേ അതെല്ലാം പറയാന്‍ പറ്റൂവെന്ന വിചിത്ര നിലപാടാണ് അദ്ദേഹത്തിന്.

തുംകൂരിലേക്കുള്ള യാത്രക്കിടയിലെ മണ്‍പുറ്റ്
തുംകൂരിലേക്കുള്ള യാത്രക്കിടയിലെ മണ്‍പുറ്റ്
ചിക്ബെല്ലാപുരയില്‍ നിന്നും തുംകൂരിലേക്കുള്ള യാത്രക്കിടെ കന്ത് വാരയില്‍ കണ്ട മുന്തിരി തോട്ടം
ചിക്ബെല്ലാപുരയില്‍ നിന്നും തുംകൂരിലേക്കുള്ള യാത്രക്കിടെ കന്ത് വാരയില്‍ കണ്ട മുന്തിരി തോട്ടം

തുംകൂരില്‍ ദേവഗൌഡയുടെ തെരഞ്ഞെടുപ്പ് യോഗത്തിലും ആള്‍ക്കൂട്ടം കുറവ്. തുംകൂര്‍ ഡി.സി.സി ഓഫീസിന് 200 മീറ്റര്‍ അപ്പുറത്താണ് ഈ യോഗസ്ഥലം. അഞ്ച് മണിക്ക് തുടങ്ങിയ യോഗത്തിലേക്ക് ആറരയായിട്ടും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ ഡി.സി.സി പ്രസിഡന്‍റ് എത്തിയിട്ടില്ല. പുറമേക്ക് അടുപ്പത്തിലെങ്കിലും പ്രകടമായ ഈ അകല്‍ച്ചയുടെ ആഴവും ഈ തെരഞ്ഞെടുപ്പില്‍ അറിയാനാകും. അതുകൊണ്ടു തന്നെ കുമാരസ്വാമി മന്ത്രിസഭയുടെ ഭാവി കൂടി തീരുമാനിക്കുന്നതാകും കര്‍ണ്ണാടകയിലെ ലോക്സഭാ തെരഞ്ഞെടുപ്പ്.