LiveTV

Live

National

‘മോദിയേക്കാള്‍ എന്തുകൊണ്ടും ഭേദം നിതിന്‍ ഗഡ്ക്കരി’ അനുരാഗ് കശ്യപ്

കശ്യപിനൊപ്പം അമോല്‍ പലേക്കറും നസീറുദ്ദീന്‍ ഷായുമടങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും എതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി രംഗത്ത്.

‘മോദിയേക്കാള്‍ എന്തുകൊണ്ടും ഭേദം നിതിന്‍ ഗഡ്ക്കരി’ അനുരാഗ് കശ്യപ്

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിധിന്‍ ഗഡ്ക്കരിയുടെ പേരും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അനുരാഗ് കശ്യപ്. ബി.ജെ.പിയില്‍ നിന്ന് പ്രധാനമന്ത്രിയാവാന്‍ നരേന്ദ്രമോദിയെക്കാള്‍ എന്തുകൊണ്ടും ഉചിതം ഗഡ്ക്കരിയാണെന്നായിരുന്നു അനുരാഗ് കശ്യപിന്‍റെ ട്വീറ്റ്. രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗീയത ഇല്ലാതാക്കാനെങ്കിലും ഇത് സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിയാത്ത ഒരു ഘടകം അഴിമതിയാണ്, എല്ലാ കാലത്തും അത് മാറ്റമില്ലാത്തതായി തുടരും എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയമായ വര്‍ഗീയത നീക്കംചെയ്യാവുന്ന ഒന്നാണ്.' അദ്ദേഹം പറഞ്ഞു.

കൂട്ടുമന്ത്രിസഭയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഉചിതമെന്നും പാര്‍ട്ടിഭേദമന്യെ വിശ്വസ്തരായ സ്ഥാനാര്‍ത്ഥികളെയാണ് വിജയിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള മേം ഭി ചൗക്കീദാര്‍ കാമ്പയിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചും അദ്ദേഹം സംസാരിച്ചു. അധികാരം കൈയ്യടക്കിവെച്ചിരിക്കുന്ന ഒരു ഏകാധിപതിയെയല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മോദിയുടെ വിമര്‍ശകന്‍ എന്നാണ് കശ്യപ് അറിയപ്പെടുന്നത്. ഇന്ത്യ കടുത്ത വെല്ലുവിളിയിലാണെന്നും ഇന്ത്യയെ രക്ഷിക്കാന്‍ എല്ലാവരും ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ വോട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്ത് അമോല്‍ പലേക്കറും നസീറുദ്ദീന്‍ ഷായുമടങ്ങുന്ന 600ല്‍ പരം വരുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.