LiveTV

Live

National

ശരത് യാദവിന് മധേപുരയില്‍ ജീവന്‍മരണ പോരാട്ടം

ആര്‍.ജെ.ഡിയുടെ ശരറാന്തല്‍ ചിഹ്‌നത്തില്‍ ഇതേ മധേപുരയില്‍ മല്‍സരിക്കാനെത്തുകയാണ് ജീവിത സായാഹ്‌നത്തില്‍ ശരത് 

ശരത് യാദവിന് മധേപുരയില്‍ ജീവന്‍മരണ പോരാട്ടം

രാഷ്ട്രീയ ജീവിതത്തില്‍ ശരത് യാദവിനിത് ജീവന്‍മരണ പോരാട്ടമാണ്. മധേപുരയില്‍ ഇത്തവണയും പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന ഈ അതികായന്‍ മറവിയിലേക്കു നീങ്ങും. രണ്ട് പതിറ്റാണ്ടിനു മുമ്പ് താനുമായി വഴക്കിട്ട് ലാലുപ്രസാദ് യാദവ് രൂപീകരിച്ച അതേ ആര്‍.ജെ.ഡിയിലേക്ക് രാഷ്ട്രീയ അഭയം തേടിയെത്താന്‍ ശരത് നിര്‍ബന്ധിതനാകുകയായിരുന്നു

യു.പി.എ കാലത്തെ കരുത്തനായ കാബിനറ്റ് മന്ത്രി ശരത് യാദവിന് രാഷ്ട്രീയ തിരിച്ചടികളുടെ കാലമായിരുന്നു കടന്നു പോയ അഞ്ചു വര്‍ഷങ്ങള്‍. ജെ.ഡി.യുവിട്ട് ശരത് രൂപീകരിച്ച ലോക്താന്ത്രിക് ജനതാദള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍.ജെ.ഡിയില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയമായി അപ്രസക്തനാവുന്നതില്‍ നിന്നും കരകയറാനുള്ള അവസാനത്തെ നീക്കമായാണ് ശരദ് ലാലുവിന് മുമ്പില്‍ കീഴടങ്ങാനെത്തുന്നത്. മധേപുര മണ്ഡലത്തില്‍ മല്‍സരിച്ച ശരത് യാദവിനെ 1998ല്‍ ലാലു പ്രസാദ് യാദവ് മലര്‍ത്തിയടിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ശരദ് യാദവും കൂട്ടരും അന്ന് ജനനതാദള്‍ ദേശീയ അധ്യക്ഷനായിരുന്ന ലാലുവിനെതിരെ തിരിഞ്ഞതിന്റെ പകരം വീട്ടലായിരുന്നു ഈ മല്‍സരം. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ കേസില്‍ ശിക്ഷയേറ്റുവാങ്ങി ലാലു റാഞ്ചിയിലെ ജയിലില്‍ കഴിയുമ്പോള്‍ ആര്‍.ജെ.ഡിയുടെ ശരറാന്തല്‍ ചിഹ്‌നത്തില്‍ ഇതേ മധേപുരയില്‍ മല്‍സരിക്കാനെത്തുകയാണ് ജീവിത സായാഹ്‌നത്തില്‍ ശരത് യാദവ്.