LiveTV

Live

National

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുലും മോദിയും ദക്ഷിണേന്ത്യയില്‍

പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് മോദി. മനേകാഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുലും മോദിയും ദക്ഷിണേന്ത്യയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദക്ഷിണേന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. പ്രധാന മന്ത്രിയാകാന്‍ ലക്ഷ്യമിടുന്ന നേതാക്കളുടെ സംഘമാണ് പ്രതിപക്ഷ മുന്നണിയെന്ന് തമിഴ്‍നാട്ടിലെ തേനിയില്‍ സംസാരിക്കവെ മോദി പരിഹസിച്ചു. കര്‍ണാടകയില്‍ മൂന്ന് തെരഞ്ഞെടുപ്പ് റാലികളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. മുസ്‍ലിംകളെ ഭീഷണപ്പെടുത്തി വോട്ട് തേടിയ സംഭവത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍‌ വിശദീകരണം തേടി.

രണ്ടും മൂന്നും ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് നേതാക്കളുടെ പ്രചാരണം. തമിഴ്നാട്ടിലെ തേനിയില്‍ നിന്നായിരുന്നു ഇന്ന് പ്രധാനമന്ത്രിയുടെ തുടക്കം. സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന ഡി.എം.കെയ്ക്ക് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണം എന്നാണ് ആഗ്രഹം. എന്നാല്‍ സഖ്യത്തില്‍ മറ്റു കക്ഷികള്‍ ഇതംഗീകരിക്കുന്നില്ലെന്ന് മോദി പരിഹസിച്ചു.

പഞ്ചാബില്‍ ജാലിയന്‍ വാലാഭാഗ് രക്ത സാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നത്തെ പ്രാചരണം തുടങ്ങിയത്. കര്‍ണാടകയിലെ കോലാര്‍, ചിത്രദുര്‍ഗ്ഗ, മൈസൂര്‍ എന്നിവിടങ്ങളിലാണ് ഇനി റാലികള്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരിലും ബദ്വാനിലും റാലി നടത്തും. അതിനിടെ ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ കഴിഞ്ഞ ദിവസം മുസ്‍ലിംകളെ ഭീഷണപ്പെടുത്തി വോട്ട് തേടിയ സംഭവത്തില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയോട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍‌ വിശദീകരണം തേടി. വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‍ലിംകള്‍ക്ക് തൊഴിലില്ല എന്നായിരുന്നു പരാമര്‍ശം.