LiveTV

Live

National

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ യുദ്ധം; തമിഴ്നാട്ടില്‍ സൗഹൃദം

തമിഴ്നാട്ടില്‍ എല്ലാവരും ഒന്ന്. ലക്ഷ്യം യു.പി.എയെ അധികാരത്തിലേറ്റുക.

കേരളത്തില്‍ എല്‍.ഡി.എഫും  യു.ഡി.എഫും തമ്മില്‍ യുദ്ധം; തമിഴ്നാട്ടില്‍ സൗഹൃദം

കേരളത്തിലെ ശത്രുക്കള്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കുന്ന കാഴ്ചയാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ കാണുന്നത്. മതനിരപേക്ഷ മുന്നണിക്ക് കീഴില്‍, കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും സി.പി.ഐയുമെല്ലാം ഒരുമിച്ച് വോട്ടു തേടുകയാണിവിടെ.

മുന്നണിക്ക് നേതൃത്വം നല്‍കുന്നത് ഡി.എം.കെയാണെങ്കിലും പ്രചാരണത്തിലെ താരം രാഹുല്‍ഗാന്ധി തന്നെ. കേരളത്തില്‍ അകലങ്ങളില്‍ കെട്ടിയിരിക്കുന്ന ഈ കൊടികള്‍ ഇവിടെ വളരെ അടുത്താണ്. അല്ലെങ്കില്‍ ഒരുമിച്ച് കെട്ടിയിരിക്കുന്നു. സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞതും മറ്റ് സംസ്ഥാനങ്ങളിലെ ഈ സഖ്യം മുന്നില്‍ കണ്ടാണ്. കഴിഞ്ഞ ദിവസം മധുരയില്‍ സി.പി.എം സ്ഥാനാര്‍ഥി എസ്. വെങ്കിടേഷിനു വേണ്ടി വോട്ടഭ്യര്‍ഥിയ്ക്കാനും രാഹുല്‍ഗാന്ധിയെത്തി.

ഓരോ യോഗങ്ങളിലും നേതാക്കള്‍ എണ്ണി പറയുന്നത്, യു.പി.എയുടെ പ്രകടന പത്രിക തന്നെ. പ്രതിവര്‍ഷം 72,000 രൂപ, ദാരിദ്ര്യ നിര്‍മാര്‍ജനം, പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള ബജറ്റ്, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും, കടം തിരിച്ചു നല്‍കാന്‍ സാധിയ്ക്കാത്തവരെ ജയിലില്‍ അടയ്ക്കുന്ന നിയമം റദ്ദാക്കും തുടങ്ങിയ പദ്ധതികളാണ് യു.പി.എ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

തമിഴ്നാട്ടില്‍ എട്ടിടത്താണ് കോണ്‍ഗ്രസ് മത്സരിയ്ക്കുന്നത്. രണ്ട് വീതം മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിയ്ക്കുന്നു. മുസ്ലിം ലീഗിന് ഒരു സീറ്റുമുണ്ട്. ഇവിടങ്ങളിലെല്ലാം എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തിയാണ് വോട്ടഭ്യര്‍ത്ഥിയ്ക്കുന്നത്.