LiveTV

Live

National

ചെന്നൈയില്‍ ആര് വാഴും? ആര് വീഴും?

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യം. ഏപ്രില്‍ 18നാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാടും ഉള്‍പ്പെടുന്നുണ്ട്. 

 ചെന്നൈയില്‍ ആര് വാഴും? ആര് വീഴും?

ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യം. ഏപ്രില്‍ 18നാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാടും ഉള്‍പ്പെടുന്നുണ്ട്. ചെന്നൈ സെന്‍ട്രല്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലെക്കാണ് 18ന് വോട്ടെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ വോട്ട് യാത്ര ചെന്നൈക്കാരുടെ മനസറിയാനാണ്. അതിന്റെ വിശദാംശങ്ങളിലേക്ക്...

എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

ഡി.എം.കെയുടെ ദയാനിധി മാരനും പി.എം.കെയുടെ സാം പോളുമാണ് ഇവിടുത്തെ പ്രധാന സ്ഥാനാര്‍ഥികള്‍. ബി.എസ്.പിയുടെ എം. പാര്‍ത്ഥസാരഥിയും മത്സരരംഗത്തുണ്ട്. ഡി.എം.കെയും മാരന്‍ കുടുംബവും തുടര്‍ച്ചയായി ജയിച്ചിരുന്ന മണ്ഡലം. 1996 മുതല്‍ 2009 വരെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മുരസൊള്ളി മാരന്‍ മൂന്നു തവണയും ദയാനിധി മാരന്‍ രണ്ട് തവണയും വിജയിച്ചു. കഴിഞ്ഞ തവണ തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളില്‍ 37ഉം എ.ഐ.എ.ഡി.എം.കെ വിജയിച്ചപ്പോള്‍ ദയാനിധി മാരന്‍ അടക്കം എല്ലാ ഡി.എം.കെ സ്ഥാനാര്‍ഥികളും തോല്‍വിയറിഞ്ഞു.

വോട്ട് യാത്രക്കിടെ ഏപ്രില്‍ 12നാണ് ചെന്നൈ സെന്‍ട്രലില്‍ എത്തിയത്. കുപ്പത്തു നിന്നും തലേന്ന് രാത്രി എത്തിയപ്പോള്‍ വൈകിപ്പോയി. രാവിലെയും വൈകിയാണ് ചായ കുടിക്കാനിറങ്ങിയത്.

രാവിലെ 09.30

ചെന്നൈയിലെ ഒരു ദോശക്കടയില്‍ വെച്ചാണ് കൊല്ലംകാരനായ രാജുവിനെ കണ്ടത്. മലയാളിയാണെങ്കിലും പതിനാലാം വയസില്‍ ചെന്നൈയിലെത്തി. ഇപ്പോള്‍ കുടുംബവും ഇവിടെ തന്നെ. ഡി.എം.കെയുടേയും എ.ഐ.എഡി.എം.കെയുടേയും സാധ്യതകള്‍ ചുടു ദോശക്കൊപ്പം രാജു പരത്തി പറഞ്ഞു. ഒടുവിലായി 18നാണ് വോട്ടെടുപ്പ് അതിനുശേഷം എല്ലാമറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

 ചെന്നൈയില്‍ ആര് വാഴും? ആര് വീഴും?

ഉച്ചക്ക് 11.05

ഇപ്പോഴും ചെന്നൈയിലെ പ്രധാന പ്രശ്നം കുടിവെള്ളം തന്നെ. 2004ല്‍ താന്‍ ആദ്യമായി മത്സരിക്കുമ്പോഴും പ്രധാന പ്രശ്നമായിരുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് 2019ലും ഡി.എം.കെ സ്ഥാനാര്‍ഥി ദയാനിധി മാരന് ആവര്‍ത്തിക്കേണ്ടി വരുന്നു.

ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്
ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്

പൊതുസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ഇല്ലെന്ന് പറയാം. ബൂത്ത് കമ്മറ്റി ഓഫീസുകള്‍ മാത്രമാണ് വലിയ തോതില്‍ നേതാക്കളുടെ ചിത്രങ്ങളാലും പാര്‍ട്ടി പതാകകളാലും നിറഞ്ഞിരിക്കുന്നത്. തങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് പുറത്തെ തോരണങ്ങള്‍ അഴിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് പറഞ്ഞതിന്റെ ആശങ്കയിലായിരുന്നു ഡി.എം.കെ പ്രവര്‍ത്തകര്‍. അതേക്കുറിച്ച് പറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ പുറത്ത് റോഡിലൂടെ എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ ഓട്ടോ പോയി.

വേദമുത്തു എണ്ണ പലഹാരങ്ങള്‍ വറുത്തെടുക്കുന്ന തിരക്കിനിടെയാണ് കണ്ടത്. “ഇത്തവണ സാധ്യത ഡി.എം.കെക്കു തന്നെ. ഇവിടെ പി.എം.കെ രണ്ടാമതേ വരൂ” വേദമുത്തുവിനും മാരിയപ്പനും ചെറുപ്പക്കാരന്‍ സതീഷിനും വ്യത്യസ്ത സ്വരമെങ്കിലും ഒരേ അഭിപ്രായം.

ഡി.എം.കെയുടെ ചെന്നൈ സെന്‍ട്രലിലെ ഒരു തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് പുറത്തുവെച്ചാണ് സൈക്കിളില്‍ ചായ വില്‍ക്കുന്ന നാരായണേട്ടനെ കണ്ടുമുട്ടിയത്. പാലക്കാട് ഒറ്റപ്പാലംകാരനായ അദ്ദേഹം 21 വര്‍ഷമായി ചെന്നൈ നഗരത്തിലുണ്ട്. ഭാര്യയും എഞ്ചിനീയറിംങ് പൂര്‍ത്തിയാക്കിയ മകനുമൊപ്പം കഴിയുന്നു.

ചെന്നൈയില്‍ 21 വര്‍ഷമായി സൈക്കിളില്‍ ചായ വില്‍ക്കുന്ന നാരായണന്‍
ചെന്നൈയില്‍ 21 വര്‍ഷമായി സൈക്കിളില്‍ ചായ വില്‍ക്കുന്ന നാരായണന്‍

ചൂടുകാലത്ത് ആര്‍ക്കും ചായ വേണ്ടാതായപ്പോള്‍ മോരിനേയും കച്ചവടത്തിനെടുത്തിരിക്കുകയാണ് നാരായണേട്ടന്‍. “എ.ഐ.എ.ഡി.എം.കെ കുറേയായില്ലേ ഭരിക്കുന്നു. പിന്നെ കരുണാനിധി മരിച്ച ശേഷമുള്ള സഹതാപവും തമിഴ് മക്കള്‍ക്കുണ്ട്. വെള്ളം പ്രധാന പ്രശ്നമാണ്. മാസം ആയിരം രൂപ കുടിവെള്ളത്തിന് മാത്രം കൊടുക്കുന്നു”

ഇവിടെയും ഡി.എം.കെ പ്രവര്‍ത്തകരാരും ക്യാമറക്ക് മുന്നില്‍ സംസാരിക്കാന്‍ തയ്യാറായില്ല. വരാത്ത നേതാവിനുവേണ്ടി അരമണിക്കൂര്‍ കാത്തു നിന്നത് മിച്ചം.

മദീന മോസ്കിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാത്തു നില്‍ക്കുന്ന വിവിധ പാര്‍ട്ടിക്കാര്‍
മദീന മോസ്കിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാത്തു നില്‍ക്കുന്ന വിവിധ പാര്‍ട്ടിക്കാര്‍

ഉച്ചക്ക് 1.55

മദീന മോസ്കിന് മുന്നില്‍ നമസ്ക്കാരത്തിന് കയറിയ പ്രവര്‍ത്തകരെ കാത്ത് മറ്റുള്ളവര്‍ നില്‍ക്കുന്നു. പി.എം.കെ, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങി എല്ലാ പാര്‍ട്ടിക്കാരും പള്ളിക്കകത്തും പുറത്തുമായുണ്ട്. ഇവിടെയും പാര്‍ട്ടി പ്രവര്‍ത്തകരാരും പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ഐ.ഡി കാര്‍ഡ് ചോദിക്കാന്‍ അവരെല്ലാം തിരക്ക് കൂട്ടുകയും ചെയ്തു. ഓരോ ചോദ്യത്തിലും മദ്യത്തിന്‍റെ മണം ഉച്ചച്ചൂടിനേയും കവച്ച് വെച്ച് മൂക്കിന് മുകളില്‍ വന്നിടിക്കുന്നുണ്ടായിരുന്നു. അതോടെ പാര്‍ട്ടിക്കാരെ വിട്ട് സാധാരണ ജനങ്ങളോട് വീണ്ടും വിവരങ്ങള്‍ ചോദിക്കാനിറങ്ങി.

വഴിയോര പച്ചക്കറി വില്‍പ്പനക്കാരായ ശ്രീനിവാസനും കുമാറും
വഴിയോര പച്ചക്കറി വില്‍പ്പനക്കാരായ ശ്രീനിവാസനും കുമാറും

“കഴിഞ്ഞ തവണ അമ്മക്ക് വോട്ട് ചെയ്തു. എന്നാല്‍ ഇത്തവണ സ്റ്റാലിന് തന്നെ വോട്ട്. ഇവരൊന്നും ചെയ്തില്ലല്ലോ?” നാല് വര്‍ഷമായി വഴിയോരത്തെ പച്ചക്കറി വില്‍പനക്കാരായ വില്ലുപുരം സ്വദേശി ശ്രീനിവാസന്‍ പറയുന്നു. “ഇവരും ഇത്തവണ ഡി.എം.കെ താന്‍” ഒപ്പമുള്ള തിരുണാമലക്കാരന്‍ കുമാറിനെ ചൂണ്ടി ശ്രീനിവാസന്‍ ഉറപ്പിക്കുന്നു. ഡി.എം.കെയുടെ ഉദയസൂര്യന്‍ തലക്കു മുകളില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര തിരിച്ചു.

അടുത്ത മണ്ഡലം കര്‍ണ്ണാടകയിലെ ചിക്ക്ബെല്ലാ പുര..