LiveTV

Live

National

സൈനിക നടപടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് കത്ത്

നാല് കരസേന, നാവികസേന മുന്‍മേധാവികളും ഒരു വ്യോമസേന മുന്‍മേധാവിയുമടക്കം 156 മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് ആശങ്കയറിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.

സൈനിക നടപടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് കത്ത്

സൈനിക നടപടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്. സൈന്യത്തിന്റെ നേട്ടം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി സൈന്യത്തെ അപമാനിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍ കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

നാല് കരസേന, നാവികസേന മുന്‍മേധാവികളും ഒരു വ്യോമസേന മുന്‍മേധാവിയുമടക്കം 156 മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് ആശങ്കയറിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. സൈനിക നടപടികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും യാതൊരു മാറ്റവും വരുത്തുന്നില്ലെന്നും കത്തില്‍ മുന്‍സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടി, ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന പരാമര്‍ശം, സൈന്യത്തിന്‍റെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് വോട്ടഭ്യര്‍ത്ഥിച്ച ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ നടപടി ഉള്‍പ്പെടെയുള്ളവ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അസാധാരണവും അംഗീകരിക്കാനാകാത്തതാണെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സൈനിക നടപടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രാഷ്ട്രപതി നടപടി സ്വീകരിക്കണമെന്നും സൈന്യത്തിന്‍റെ നിഷ്പക്ഷ മുഖം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം ഇത് സൈന്യത്തിന്‍റെ മനോവീര്യം തകര്‍ക്കുമെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ ഓര്‍മ്മപ്പെടുത്തി. ഇതിന് പിന്നാലെ സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.