LiveTV

Live

National

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേയില്ല  

ബോണ്ട് വഴി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. ബോണ്ടുകള്‍ സ്റ്റേ ചെയ്യാന്‍‌ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.

 തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേയില്ല  

തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവനകളുടെ ഉറവിടം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ബോണ്ട് വഴി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. ബോണ്ട് വാങ്ങിയവരുടെ പേരും അക്കൌണ്ട് വിവരങ്ങളും മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബോണ്ടുകള്‍ സ്റ്റേ ചെയ്യാന്‍‌ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റാന്‍ നടപ്പാക്കിയ ഒട്ടും സുതാര്യത ഇല്ലാത്ത പദ്ധതിയാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതുവരെ ബോണ്ടിലൂടെ ലഭിച്ച സംഭാവനയുടെ കണക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. സംഭാവന നൽകിയത് ആര്, ലഭിച്ച തുക എത്ര എന്നീ വിവരങ്ങൾ സമര്‍പ്പിക്കണം. മെയ് 30നകം മുദ്ര വച്ച കവറിൽ ആണ് വിവരങ്ങള്‍ കൈമാറേണ്ടത്. മെയ് 15 വരെ ലഭിക്കുന്ന സംഭാവനയുടെ കണക്കുകളും സമര്‍പ്പിക്കണം.

അതേസമയം തെരഞ്ഞെടുപ്പ് ബോണ്ട് സ്റ്റേ ചെയ്യണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കളളപ്പണം വെളുപ്പിക്കാന്‍ മാത്രമല്ലേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ട് നടപ്പാവുക എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണിതെന്നും സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതി ഈ അവസരത്തില്‍ ഇടപെടരുത് എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ബോണ്ടുകളെ പൂര്‍ണ്ണമായി എതിര്‍ത്തില്ലെങ്കിലും സുതാര്യതയുടെ പ്രശ്നമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു.