LiveTV

Live

National

യാദവ പോരാട്ടത്തിനൊരുങ്ങി മധേപുര

സിറ്റിങ് എം.പിയായ പപ്പു യാദവ് ആര്‍.ജെ.ഡി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് സ്ഥാനാര്‍ഥിയായത്. പകരം ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായി എത്തിയത് ശരത് യാദവ്.

യാദവ പോരാട്ടത്തിനൊരുങ്ങി മധേപുര

ബിഹാറിലെ മധേപുര മണ്ഡലത്തില്‍ ഇത്തവണയും ഏറ്റുമുട്ടുന്നത് ശരത് യാദവും പപ്പു യാദവും തന്നെയാണ്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച പാര്‍ട്ടിയുടെ പേരിലല്ല ഇരുവരുടെയും പോരാട്ടം. സിറ്റിങ് എം.പിയായ പപ്പു യാദവ് ആര്‍.ജെ.ഡി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് സ്ഥാനാര്‍ഥിയായത്. പകരം ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായി എത്തിയത് ശരത് യാദവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സ്ഥാനാര്‍ഥിയായാണ് ഇവിടെ ശരത് യാദവ് മത്സരിച്ചത്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ ഈ കളംമാറ്റം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.

Also read: ബീഹാര്‍ ആരെ തുണക്കും? 

Also read: ബീഹാര്‍ ഓര്‍മ്മയില്ലേ? ഞങ്ങള്‍ ജയിക്കുകയാണെന്ന് രാഹുല്‍

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പപ്പു യാദവ് മധേപുര മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് സീറ്റ് നല്‍കുമായിരുന്നെങ്കില്‍ മധേപുര ശരത് യാദവിന് വിട്ടു കൊടുത്ത് പൂര്‍ണിയയില്‍ നിന്നും മല്‍സരിക്കാന്‍ ഒരുക്കമായിരുന്നെന്ന് പപ്പു യാദവ് അഭിപ്രായപ്പെട്ടു. ആറു മാസമായി താന്‍ രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചു വരികയായിരുന്നു. രാഹുലിനെ ഇപ്പോഴും തന്റെ നേതാവായി കണക്കാക്കുന്നുണ്ടെന്നും എന്നാല്‍ മതേതര സഖ്യത്തിനകത്ത് കാര്യങ്ങള്‍ അത്ര മതേതരമല്ലെന്നാണ് അനുഭവമെന്നും പപ്പു കുറ്റപ്പെടുത്തി.

2014ല്‍ മധേപുരയില്‍ നിന്നും ആര്‍.ജെ.ഡി ടിക്കറ്റില്‍ മല്‍സരിച്ച പപ്പു യാദവ് 56000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷനായിരുന്ന ശരത് യാദവിനെ തോല്‍പ്പിച്ച് ജയിച്ചു കയറിയത്. പപ്പുവിനെ പിന്നീട് പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ഇത്തവണ ശരത് യാദവിനാണ് ആര്‍.ജെ.ഡി മണ്ഡലത്തില്‍ സീറ്റ് നല്‍കിയത്. പപ്പുവിന്റെ ജനസമ്മിതി മണ്ഡലത്തിലെ വോട്ടുകള്‍ നെടുമെന്നത് വ്യക്തം. കഴിഞ്ഞ മൂന്നു ദിവസമായി മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം നടത്താന്‍ നിധീഷ് കുമാര്‍ എത്തിയതോടെ ബീഹാറിലെ ഈ സോഷ്യലിസ്റ്റ് തട്ടകത്തില്‍ എന്‍.ഡി.എയുടെ പോരാട്ടം കൊഴുക്കുകയാണ്.