LiveTV

Live

National

റഫാല്‍: മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സുപ്രീംകോടതി

റഫാല്‍ രേഖ പ്രസിദ്ധീകരിച്ചത് അഭിപ്രായ സ്വാതന്ത്ര്യം- സര്‍ക്കാര്‍ വാദങ്ങളെ തള്ളി ജഡ്ജിമാരുടെ വിധിന്യായങ്ങള്‍

റഫാല്‍: മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സുപ്രീംകോടതി

മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് റഫാല്‍ കേസില്‍ സുപ്രീംകോടതി വിധി. പ്രതിരോധ മന്ത്രാലയ‌ രേഖകൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശം ഉണ്ട്. രാജ്യ സുരക്ഷ കരുതി ഈ രേഖകൾ കണക്കിൽ എടുക്കരുതെന്ന വാദം അംഗീകരിക്കാനാകില്ല. രാജ്യത്ത് ജനാധിപത്യം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.

റഫാലില്‍ ദി ഹിന്ദു ദിനപത്രവും കാരവന്‍, ദി വയര്‍ അടക്കമുള്ള വെബ്സൈറ്റുകളും രേഖകള്‍ പുറത്ത് വിട്ടത് ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ ലംഘനമാണ്, രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ്, മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി വേണം- ഇതൊക്കെയായിരുന്നു സുപ്രീം കോടതില്‍ കേന്ദ്രത്തിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വാദങ്ങളെയെല്ലാം അക്കമിട്ട് തളളിക്കളയുകയാണ് സുപ്രീം കോടതി. രേഖകൾ പ്രസിദ്ധീകരിച്ചത് ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ഇതിനകം പൊതു ജന മധ്യത്തിലുള്ള രേഖകൾക്ക് പരിരക്ഷ ആവശ്യപ്പെടുന്നത് പൊതുതാല്പര്യം നിറവേറ്റില്ല. ഹിന്ദു ദിനപത്രത്തിൽ പുറത്തു വന്ന രേഖകളെ സർക്കാർ ചോദ്യം ചെയ്തിട്ടില്ല. ഇത്തരം പ്രസിദ്ധീകരണം വിലക്കുന്ന ഒരു നിയമവും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുമില്ലെന്നും പെന്‍റഗണ്‍ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കാൻ വിസമ്മതിച്ച യു.എസ് സുപ്രീംകോടതി വിധി ഉദ്ധരിച്ചു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വിധിയില്‍ വ്യക്തമാക്കുന്നു.

രഹസ്യമെന്ന് കാട്ടി പ്രസിദ്ധീകരിക്കുന്നത് വിലക്കാനോ കോടതിക്ക് മുന്നിൽ വെയ്ക്കാതിരിക്കാനോ പാർലമെന്‍റ് ഏതെങ്കിലും നിയമ അധികാരം നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനോട് യോജിച്ച് കൊണ്ടുതന്നെ ജസ്റ്റിസ് കെ.എം ജോസഫ് പ്രത്യേകം വിധി എഴുതി. ഇന്ത്യയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഊർജസ്വലമായ ജനാധിപത്യം തുടർന്നും നിലനിൽക്കുന്നതിന് മാധ്യമങ്ങൾക്ക് നിർണ്ണായക പങ്കു വഹിക്കാനുണ്ടെന്നും ജസ്റ്റിസ് കെ.എം ജോസഫ് വിധിയില്‍ വ്യക്തമാക്കി.