LiveTV

Live

National

രാഹുല്‍ ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. 15വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുലിനെതിരെ മൂന്നാം തവണയാണ് സ്മൃതി ഇറാനിയെ ബി.ജെ.പി ഇറക്കുന്നത്

രാഹുല്‍ ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും. റോഡ് ഷോ ആയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുക. നാളെ സോണിയ ഗാന്ധി റായ്ബറേലിയിലും പത്രിക സമര്‍പ്പിക്കും.

സിറ്റിങ് മണ്ഡലമായ അമേഠിയില്‍ നിന്നും ഓടി ഒളിക്കുന്നു എന്ന ദേശീയ തലത്തില്‍ ബി.ജെ.പിയുടെയും കേരളത്തില്‍ സി.പി.എമ്മിന്റെയും ആരോപണങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നത്.

അമേഠിയിലെ മുന്‍ഷിഗഞ്ചില്‍ നിന്നും കളക്ടറേറ്റിലേക്കുള്ള 15കിലോ മീറ്ററ്‍ റോഡ് ഷോ ശക്തി പ്രകടനത്തിനുള്ള വേദിയാക്കാനാണ് പി.സി.സിയുടെ തീരുമാനം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. 15 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുലിനെതിരെ മൂന്നാം തവണയാണ് സ്മൃതി ഇറാനിയെ ബി.ജെ.പി ഇറക്കുന്നത്.

2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ ജയം. 3 ലക്ഷത്തില്‍ നിന്നും ഒരു ലക്ഷത്തിലെത്തിയ രാഹുലിന്റെ ഭൂരിപക്ഷം ഇത്തവണ ഏറെ താഴുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്. രണ്ടാം മണ്ഡലമായ വയനാട്ടില്‍ അവസാന ദിനമായ ഏപ്രില്‍ നാലിന് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.