LiveTV

Live

National

റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

രേഖകള്‍ പരിഗണിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി

റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

റഫാൽ കേസിൽ സുപ്രീംകോടതിയില്‍ നരേന്ദ്രമോദി സർക്കാരിന് കനത്ത തിരിച്ചടി. പുനപ്പരിശോധനാ ഹരജിക്കൊപ്പം സമര്‍പ്പിച്ച പ്രതിരോധ- നമന്ത്രാലയത്തിലെ രേഖകള്‍ കോടതി പരിഗണിക്കും. ഈ രേഖകൾ അടിസ്ഥാനമാക്കി റഫാൽ പുനപരിശോധന ഹരജികളിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. രേഖകൾ പരിഗണിക്കെരുതെന്ന സർക്കാർ ആവശ്യം കോടതി തള്ളി.

റഫാലിൽ അന്വേഷണം തള്ളിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണം എന്ന ഹരജിക്കൊപ്പം സമർപ്പിച്ച പുതിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ഇതുവഴി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ഹരജിക്കാർക്കെതിരെയും രേഖ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെയും നടപടി വേണം, ഹർജി തള്ളണം എന്നും സർക്കാർ ആവശ്യപ്പെട്ടു. ആവശ്യം കോടതി പൂർണമായും തളളി.

ഈ രേഖകൾക്ക് സവിശേഷ അധികാരമില്ലെന്ന് വിലയിരുത്തിയ കോടതി അവ സ്വീകരിച്ചു. രേഖകൾ അടിസ്ഥാനമാക്കി പുനപരിശോധന ഹർജി വിശദമായി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഏകാഭിപ്രായ വിധിയാണിത്. കേസിൽ പുതിയ രേഖകൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

റഫാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തര ചർച്ച നടത്തി എന്നും ഇത് രാജ്യസുരക്ഷയെ ബാധിച്ചേക്കാം എന്നും ചൂണ്ടിക്കാട്ടി കരാർ വില പേശൽ സംഘത്തിലെ ഉദ്യോഗസ്ഥർ എഴുതിയ വിയോജന കുറിപ്പ് അടക്കമുള്ള രേഖകളാണ് പുതുതായി ഹർജിക്കാർ സുപ്രിംകോടതി യിൽ സമർപ്പിച്ചിരുന്നത്. ഇവക്കൊപ്പം പുനപരിശോധനാ ഹർജികൾ പരിഗണിക്കുന്ന തിയ്യതി കോടതി പിന്നീട് തീരുമാനിക്കും.