LiveTV

Live

National

56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമെന്ന് അര്‍ജുന്‍ മോദ്‍വാഡിയ

തന്നെ പോലെ 56 ഇഞ്ച് നെഞ്ചളവുള്ളവര്‍ക്കാണ് ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിയൂ എന്നാണ് മോദി അന്ന് പറഞ്ഞതെന്ന് അര്‍ജുന്‍ മോദ്‍വാഡിയ 

56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമെന്ന് അര്‍ജുന്‍ മോദ്‍വാഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അര്‍ജുന്‍ മോദ്‍വാഡിയ. കഴുതകള്‍ക്ക് മാത്രമാണ് 56 ഇഞ്ച് നെഞ്ചളവുള്ളതെന്നാണ് അര്‍ജുന്‍ മോദ്‍വാഡിയയുടെ പരാമര്‍ശം. ഇതിനെ അപലപിച്ച് ബി.ജെ.പി നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

ബനാസ്കന്ത ജില്ലയിലെ ദീസയില്‍ നടന്ന റാലിക്കിടെയാണ്, 2014 ല്‍ മോദി നടത്തിയ ഒരു പ്രസ്താവനയെ അര്‍ജുന്‍ പരാമര്‍ശിച്ചത്. തന്നെ പോലെ 56 ഇഞ്ച് നെഞ്ചളവുള്ളവര്‍ക്കാണ് ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിയൂ എന്നാണ് മോദി അന്ന് പറഞ്ഞതെന്ന് അര്‍ജുന്‍ മോദ്‍വാഡിയ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ''ആരോഗ്യവാനായ ഒരാള്‍ക്ക് 36 ഇഞ്ച് നെഞ്ചളവായിരിക്കുമുണ്ടാകുക. ഇനി അതൊരു ബോഡി ബില്‍ഡറാണെങ്കില്‍ 42 ഇഞ്ച് വരെ എത്തും. എന്നാല്‍ 56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമാണ്. കാളയാണെങ്കില്‍ 100 ഇഞ്ചും''- എന്നാണ് അര്‍ജുന്‍ മോദ്‍വാഡിയയുടെ പരിഹാസം.

ഇതൊന്നും മനസിലാക്കാതെയാണ് മോദിയുടെ ഭക്തര്‍, നേതാവിന്റെ 56 ഇഞ്ച് നെഞ്ചളവിനെ കുറിച്ച് ആരെങ്കിലും പറയുമ്പോള്‍ ഊറ്റംകൊള്ളുന്നതെന്നും അര്‍ജുന്‍ മോദ്‍വാഡിയ പറഞ്ഞു. ഏതായാലും അര്‍ജുന്‍ മോദ്‍വാഡിയയുടെ പരിഹാസത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. പരാജയഭീതിയില്‍ മനോനില തകരാറിലായ കോണ്‍ഗ്രസ് പാര്‍ട്ടി പുലമ്പുകയാണെന്ന് ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. മോശം ഭാഷയാണ് അര്‍ജുന്‍ മോദ്‍വാഡിയ ഉപയോഗിച്ചതെന്നും അപലപിക്കുന്നതായും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.