LiveTV

Live

National

ലക്ഷദ്വീപ് നാളെ പോളിങ് ബൂത്തിലേക്ക്

ജനവിധി തേടുന്നത് ആറ് സ്ഥാനാര്‍ഥികള്‍. പ്രധാന പോരാട്ടം കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍

ലക്ഷദ്വീപ് നാളെ പോളിങ് ബൂത്തിലേക്ക്

കടുത്ത മത്സരം നടക്കുന്ന ലക്ഷദ്വീപില്‍ നാളെ വോട്ടെടുപ്പ്. മുന്നണി സംവിധാനമില്ലാതെ പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ലക്ഷദ്വീപില്‍ പ്രചാരണ രംഗത്ത് വീറും വാശിയും പ്രകടമായിരുന്നു. സിറ്റിങ് എം.പി എന്‍.സി.പിയിലെ പി.പി മുഹമ്മദ് ഫൈസലും മുന്‍ എം.പി കോണ്‍ഗ്രസിലെ ഹംദുള്ള സെയ്ദും തമ്മിലാണ് പ്രധാന മത്സരം.

ആകെ 55057 വോട്ടര്‍മാര്‍ മാത്രം. 51 പോളിങ് സ്റ്റേഷനിലായി നാളെ ഇവര്‍ ജനവിധി രേഖപ്പെടുത്തും. എന്‍.സി.പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോര്. എന്‍.സി.പിയുടെ സിറ്റിങ് സീറ്റില്‍ നിലവിലെ എം.പി പി.പി മുഹമ്മദ് ഫൈസല്‍ മത്സരിക്കുമ്പോള്‍, കോണ്‍ഗ്രസിനായി കഴിഞ്ഞ തവണ 1535 വോട്ടിന് തോറ്റ ഹംദുള്ള സെയ്ദ് തന്നെയാണ് പ്രധാന എതിരാളി. അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞായിരുന്നു ദ്വീപിലെ പോരില്‍ പി.പി മുഹമ്മദ് ഫൈസലിന്‍റെ പ്രചാരണം. എന്നാല്‍ വികസന മുരടിപ്പിന്‍റെ കാലമാണ് കഴിഞ്ഞു പോയതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാദം. മുതിര്‍ന്ന നേതാവ് ബാഷാ ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതും കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ക്ക് കരുത്ത് പകരുന്നു. ഒപ്പം ട്യൂണ മാസ് ശ്രീലങ്കയിലേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ഇത്തവണ ദ്വീപ് തിരിച്ചു പിടിക്കുന്നതിന് വഴി തെളിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

കോണ്‍ഗ്രസിനും എന്‍.സി.പിക്കും പുറമേ നാല് സ്ഥാനാര്‍ഥികള്‍ കൂടി മത്സര രംഗത്തുണ്ട്. സി.പി.എമ്മിനായി ഷെരീഫ് ഖാന്‍, സി.പി.എയുടെ അലി അക്ബര്‍, ജെ.ഡി.യുവിന്‍റെ ഡോ.മുഹമ്മദ് സാദിഖ്, ബി.ജെ.പിയുടെ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരാണ് ദ്വീപില്‍ നിന്ന് ലോക്സഭയിലേക്ക് ഭാഗ്യം പരീക്ഷിക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍.