LiveTV

Live

National

‘മോദി വിജയിച്ചാല്‍ പാക്കിസ്താന് ഗുണം’; പാക് പ്രധാനമന്ത്രി

‘മോദി വിജയിച്ചാല്‍ പാക്കിസ്താന് ഗുണം’; പാക് പ്രധാനമന്ത്രി

നരേന്ദ്ര മോദിയുടെ നേത്യത്വത്തിലുള്ള ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാക്കിസ്താന് നേട്ടമെന്ന് പാക് പ്രധാനമന്ത്രി. അതിലൂടെ ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് ആണെങ്കില്‍ ബി.ജെ.പിയെ പേടിച്ച് പാക്കിസ്താനുമായി ചര്‍ച്ച ചെയ്യാന്‍ ഭയക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

വലതുപക്ഷ പാര്‍ട്ടിയാണ് ബി.ജെ.പി എങ്കിലും കശ്മീര്‍ വിഷയത്തില്‍ അവരുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ഖാന്‍ റോയിട്ടേഴ്സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘മോദിയുടെ ഇന്ത്യയില്‍ മുസ്‌ലിംകളും കശ്മീരിലെ മുസ്‌ലിംകള്‍ പ്രത്യേകിച്ചും അന്യവല്‍ക്കരണം അനുഭവിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഒരു രീതിയിലും ഞാന്‍ വിചാരിച്ചതല്ല. മുസ്‌ലിം എന്ന സ്വതമാണ് ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇപ്പോള്‍ ഹിന്ദു ദേശീയതയെ ഭയപ്പെടുകയാണ്’; ഖാന്‍ പറഞ്ഞു.

ഭയവും ദേശീയതയും വിറ്റയിച്ചാണ് മോദിയും നെതന്യാഹുവും രാജ്യം ഭരിക്കുന്നതെന്ന് രണ്ട് പേരെയും താരതമ്യം ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ശേഷം പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയില്‍ അല്ലയെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണം പാക്കിസ്താന്‍ കേന്ദ്രമായുള്ള ജയ്ഷെ മുഹമ്മദാണ് എന്നായിരുന്നു ആരോപണം, എന്നാല്‍ ഈ കാര്യം പാക്കിസ്താന്‍ നിഷേധിച്ചു.

മോദിക്ക് ഏതെങ്കിലും കാരണവശാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ പാക്കിസ്താനെതിരെ സൈനിക ആക്രമണം നടക്കുമെന്നും പാക്കിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്താന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്ന് പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.