LiveTV

Live

National

‘വയനാട് ഇന്ത്യയിലോ പാകിസ്താനിലോ?’; വര്‍ഗീയ പരാമർശവുമായി അമിത് ഷാ  

‘വയനാട് ഇന്ത്യയിലോ പാകിസ്താനിലോ?’;  വര്‍ഗീയ പരാമർശവുമായി അമിത് ഷാ  

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി അമിത് ഷാ. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശം.

വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ പ്രസംഗത്തില്‍ ചോദിക്കുന്നു. ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ച പതാക വഹിച്ച് നടത്തിയ റാലിയെ ചൂണ്ടികാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം.

മുസ്‌ലിം ലീഗിനെതിരെ ഇതാദ്യമായല്ല ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ ഉള്ളടക്കമടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നായിരുന്നു ആദിത്യനാഥിന്റെ ട്വീറ്റ്. ഇതിനെതിരെ കുഞ്ഞാലിക്കുട്ടി വര്‍ഗീയതക്കെതിരായ ആന്റി വൈറസാണ് മുസ്‌ലിം ലീഗ് എന്ന് തിരിച്ചടിക്കുകയും ചെയ്തിരുന്നു.