LiveTV

Live

National

രോഹുത് വെമുലയുടെ സുഹൃത്തും സര്‍വകലാശാലയില്‍ നിന്നും സസ്പെന്റ് ചെയ്ത വിദ്യാര്‍ത്ഥിയുമായ വിജയ് കുമാര്‍ ആന്ധ്രയില്‍ മത്സരിക്കുന്നു

 രോഹുത് വെമുലയുടെ സുഹൃത്തും സര്‍വകലാശാലയില്‍ നിന്നും സസ്പെന്റ് ചെയ്ത വിദ്യാര്‍ത്ഥിയുമായ വിജയ് കുമാര്‍ ആന്ധ്രയില്‍ മത്സരിക്കുന്നു

ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതി വിവേചനം കാരണം കൊല്ലപ്പെട്ട രോഹിത് വെമുലയുടെ സുഹൃത്ത് വിജയ് കുമാര്‍ ആന്ധ്രയില്‍ മത്സരിക്കുന്നു. രോഹിത് വെമുലയുടെ കൂടെ സര്‍വകലാശാല പുറത്താക്കിയ അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് വിജയ്കുമാര്‍ പെദപുടി. ആന്ധ്രപ്രദേശിലെ പാര്‍ച്ചൂര്‍ മണ്ഡലത്തില്‍ നിന്ന് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായാണ് വിജയ് ജനവിധി തേടുന്നത്. രോഹിതിന് നീതി തേടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതെന്ന് വിജയ് വ്യക്തമാക്കുന്നു.

ആന്ധ്രയില്‍ ജനറല്‍ സീറ്റിലാണ് വിജയ് മല്‍സരിക്കുന്നത്. സംവരണ മണ്ഡലത്തില്‍ നിന്ന് മാത്രമേ ദലിതുകള്‍ മത്സരിക്കാവൂ എന്ന രാഷ്ട്രീയപാരമ്പര്യത്തിന് അറുതി വരുത്താനാണ് താന്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത പാര്‍ച്ചൂറില്‍ നിന്ന് മത്സരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ജാതി വിവേചനത്തിനും ദലിതുകള്‍ക്കെതിരായ അക്രമങ്ങള്‍ക്കും എതിരായ പോരാട്ടമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 2016ലെ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ(എ.എസ്.എ) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വിജയ് മത്സരിച്ചിരുന്നു. ആന്ധ്ര പ്രദേശ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടാണ് നിലവില്‍ വിജയ് കുമാര്‍.

രോഹിതിന് വേണ്ടിയുള്ള നീതിക്കായുള്ള സമര സമയത്താണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിക്കുന്നതെന്നും, ദലിതുകളുടെ ഉന്നമനത്തിന് അവര്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങണമെന്നും വിജയ് പറയുന്നു.

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് വിജയ് തെരഞ്ഞെടുപ്പിന് ആവശ്യമായ പണം കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പു ചെലവിലേക്കായുള്ള 25 ലക്ഷം രൂപയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കുന്നത്. ഫണ്ടിങ്ങ് പൂര്‍ത്തിയാവാന്‍ 12 ദിവസം ബാക്കി നില്‍ക്കേ 2,55,901രൂപ ഇതുവരെ വിജയ് കുമാറിന് ലഭിച്ചു. ക്രൗഡ് ഫണ്ടിങ്ങിനായി അവര്‍ ഡെമോക്രസി എന്ന വെബ്സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. https://bit.ly/2UteptN

2015 ഡിസംബറിലായിരുന്നു രോഹിത് വെമുലയടക്കം അഞ്ച് പേരെ സര്‍വകലാശാല വി.സി അപ്പാറാവു ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. 2016 ജനുവരി 17 നാണ് അപ്പറാവുവിന്റെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് രണ്ടാം വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് സര്‍വകലാശാലക്കകത്ത് വെച്ച് ആത്മഹത്യ ചെയ്യുന്നത്. രോഹിത്തിന്റെ മരണം വലിയ പ്രക്ഷോഭത്തിനാണ് രാജ്യത്തുടനീളം തിരി കൊളുത്തിയത്.