LiveTV

Live

National

ബി.ജെ.പി തൊപ്പി അണിയാത്തതിന് അപമാനിക്കപ്പെട്ട മുസ്‍ലിം വിദ്യാര്‍ഥിനിയെ സസ്‍പെന്‍ഡ് ചെയ്തു

എന്നാല്‍ പരാതി പരിഹാര സെല്ലിന് മുമ്പാകെ മൊഴി നല്‍കുന്നതിന് ഹാജരാകുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തിരിക്കുന്നത്.

ബി.ജെ.പി തൊപ്പി അണിയാത്തതിന് അപമാനിക്കപ്പെട്ട മുസ്‍ലിം വിദ്യാര്‍ഥിനിയെ സസ്‍പെന്‍ഡ് ചെയ്തു

ബി.ജെ.പിയുടെ കാവിത്തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചതിന് സഹപാഠികള്‍ അപമാനിച്ച 22 കാരിയായ മുസ്‍ലിം വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച ആഗ്രയിലേക്കുള്ള പഠന യാത്രക്കിടെയാണ് സഹപാഠികള്‍ വിദ്യാര്‍ഥിനിയെ ബി.ജെ.പിയുടെ തൊപ്പി ധരിപ്പിക്കാന്‍ നിര്‍ബന്ധിച്ചത്. വിസമ്മതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ അപമാനിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അധികൃതര്‍ക്ക് വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതി പരിഹാര സെല്ലിന് മുമ്പാകെ മൊഴി നല്‍കുന്നതിന് ഹാജരാകുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കി മീററ്റ് സീനിയര്‍ എസ്.പിക്കാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയിരിക്കുന്നത്. പരാതി പിന്‍വലിക്കുന്നതിന് തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുള്ളതായും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏപ്രില്‍ മൂന്നിനാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയതെന്നും എന്നാല്‍ പിന്നീട് പലവട്ടം ആവശ്യപ്പെട്ടിട്ടും സെല്ലിന് മുമ്പാകെ മൊഴി നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെന്നും ഇതാണ് സസ്‍പെന്‍ഷനിലേക്ക് വഴിവെച്ചതെന്നും കോളജ് ഡയറക്ടര്‍ എസ്.എം ശര്‍മ്മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സസ്‍പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ് ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കോളജ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിക്കെതിരെ നടപടിയുണ്ടായത്.