LiveTV

Live

National

ബീഫ് വില്‍പന ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട ആക്രമണം; മുസ്‍ലിം വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച് പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിച്ചു

ബംഗ്ലാദേശിയാണോയെന്നും ദേശീയ പൌരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും മര്‍ദ്ദനത്തിനിടെ ആള്‍ക്കൂട്ടം ചോദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.

ബീഫ് വില്‍പന ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട ആക്രമണം; മുസ്‍ലിം വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ച് പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിച്ചു

അസമില്‍ ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് വൃദ്ധന് നേരെ ആള്‍ക്കൂട്ട ആക്രമണം. അസമിലെ ബിശ്വനാഥിലാണ് ഷൌക്കത്ത് അലിയെന്ന ആള്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ഷൌക്കത്ത് അലിയെ പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ബീഫ് വില്‍പന നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം മുസ്ലീം വൃദ്ധന് നേരെ ആക്രമണം നടത്തിയത്. ബംഗ്ലാദേശിയാണോയെന്നും ദേശീയ പൌരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും മര്‍ദ്ദനത്തിനിടെ ആള്‍ക്കൂട്ടം ചോദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ഷൌക്കത്ത് അലിയെ അക്രമണം നടത്തിയവര്‍ ഭീഷണിപ്പെടുത്തി പന്നിമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും, ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നതായും പൊലീസ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ പൌരത്വ രജിസ്റ്ററിന്റെ കരട് കഴിഞ്ഞ വര്‍ഷമാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 29 ലക്ഷത്തോളം അപേക്ഷകരില്‍ നാല്‍പ്പത് ലക്ഷത്തോളം പേരെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇതിനോടകം വിവാദമായി ദേശീയ പൌരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്. ബിശ്വനാഥ് ഉള്‍പ്പെടുന്ന തേസ്പൂര്‍ മണ്ഡലത്തില്‍ ഏപ്രില്‍ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ്.