LiveTV

Live

National

നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍; ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് ബി.ജെ.പി നേതാവിന്റെ മകന്‍

എന്നാല്‍ താന്‍ എം.എല്‍.എയുടെ മകനാണെന്നും തന്നെ തടയാന്‍ ധൈര്യമുണ്ടോയെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍; ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് ബി.ജെ.പി നേതാവിന്റെ മകന്‍

നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എയുടെ മകനെ തടഞ്ഞ പൊലീസ് ഓഫീസര്‍ക്ക് മര്‍ദനം. ഝാന്‍സിയിലെ ഗരോതയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജവഹര്‍ രജ്പുതിന്റെ മകന്‍ രാഹുല്‍ രജ്പുതാണ് പൊലീസ് ഓഫീസറെ മര്‍ദിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ രാഹുലിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ തടഞ്ഞു. തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ പേപ്പറുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ എം.എല്‍.എയുടെ മകനാണെന്നും തന്നെ തടയാന്‍ ധൈര്യമുണ്ടോയെന്നുമായിരുന്നു രാഹുലിന്റെ മറുപടി. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും പൊലീസ് ഓഫീസറെ രാഹുല്‍ മര്‍ദിക്കുകയുമായിരുന്നു. ഗുര്‍സാരായി മേഖലയ്ക്കു സമീപമാണ് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞത്. സംഭവത്തില്‍ അന്വേഷണത്തിന് ഝാന്‍സി എസ്.പി ഒ.പി സിങ് ഉത്തരവിട്ടു. പൊലീസ് ഓഫീസറെ മര്‍ദിച്ച രാഹുലിനെ കസ്റ്റഡിയിലെടുത്തെങ്കിലും എം.എല്‍.എയും അണികളും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് രാഹുലിനെ പൊലീസ് വിട്ടയച്ചു. രാഹുലിനെ പൊലീസ് മര്‍ദിച്ചെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി ജവഹര്‍ രജ്പുത് പരാതി നല്‍കിയിട്ടുണ്ട്.