LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

എല്ലാ മണ്ഡലങ്ങളിലും നിലവില്‍ എണ്ണുന്നതിന്റെ അഞ്ചിരട്ടി എണ്ണണമെന്നാണ് കോടതി നിര്‍ദേശം.

ലോക്സഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

ലോക്സഭാ തെരെഞ്ഞെടുപ്പില്‍‌ നിലവില്‍ എണ്ണുന്നതിനേക്കാള്‍ അഞ്ചിരട്ടി വിവപാറ്റുകള്‍ എണ്ണാന്‍‌ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെതാണ് നിര്‍ണായക നിര്‍ദ്ദേശം. അന്‍‌പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ഉത്തരവ് പാലിക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഒരു ലോക്സഭാ മണ്ഡലത്തിലുള്ള നിയമസഭാ മണ്ഡലങ്ങളിലോരോന്നിലെയും ഏതങ്കിലും ഒരു വോട്ടിംഗ് യന്ത്രത്തോടൊപ്പം ഉള്ള വിവിപാറ്റുകള്‍ അഥവാ വോട്ട് രസീതുകള്‍ മാത്രം എണ്ണുന്നതായിരുന്നു നിലവിലെ രീതി. ഇത് സുപ്രീം കോടതി അഞ്ചാക്കി ഉയര്‍ത്തി. അതായത് ഇനി ഓരോ നിയമസഭാ മണ്ഡലത്തിലെയും ഏതെങ്കിലും അഞ്ച് വിവിപാറ്റുകള്‍ എണ്ണണം എന്നര്‍ത്ഥം. ഏഴ് നിയമസഭാ മണ്ഡലങ്ങളിലുള്ള പാര്‍ലമെന്‍റ് മണ്ഡലം ഉദാഹരണം ആയി എടുത്താല്‍ ആകെ 35 യന്ത്രങ്ങളുടെ വിവിപാറ്റുകള്‍ എണ്ണേണ്ട സാഹചര്യമാണ് സുപ്രീം കോടതി ഉത്തരവോടെ ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, സാധരണക്കാരയ ജനങ്ങള്‍ക്കും സംതൃപ്തി പകരുന്ന ഒന്നാക്കി തെരെഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റാന്‍ ഇതുവഴി സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാലുള്ള ഉത്തരവില്‍ നിരീക്ഷിച്ചു. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോടതിയെ സമീപിച്ചിരുന്നത്. ഈ ആവശ്യം അതേപടി കോടതി അംഗീകരിച്ചില്ല.

ഓരോ സ്ഥാനാർത്ഥിക്കും ഓരോ നിയമസഭാ മണ്ഡലത്തിലെ വിവിപാറ്റ് യന്ത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ഉള്ള അധികാരം നൽകണമെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. 20 സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ 20 മെഷിനുകൾ എണ്ണണം എന്നാണോ, എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. ഊഹങ്ങളുടെയും ആശങ്കയുടെയും അടിസ്ഥാനത്തിൽ ആണ് പ്രതിപക്ഷ പാർട്ടികളുടെ ഹരജി എന്നായിരുന്നു തെരെഞ്ഞടുപ്പ് കമ്മീഷന്‍റെ വാദം.