LiveTV

Live

National

അവതാരകന്‍ ചോദിച്ചത് റഫാല്‍ ഇടപാടിനെ കുറിച്ച്, പതിവ് പോലെ നെഹ്റു കുടുംബത്തെ പഴിചാരി മോദി

ചോദ്യങ്ങളില്‍ നിന്ന് വിദഗ്ധമായി ഒളിച്ചോടുകയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി

അവതാരകന്‍ ചോദിച്ചത് റഫാല്‍ ഇടപാടിനെ കുറിച്ച്, പതിവ് പോലെ നെഹ്റു കുടുംബത്തെ പഴിചാരി മോദി

റഫാല്‍ കരാറിനെ കുറിച്ച് ചോദ്യമുയര്‍ത്തിയ ചാനലിന്‍റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കള്ളവാര്‍ത്തയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ധൈര്യപ്പെട്ട നിങ്ങള്‍ എന്തുകൊണ്ടാണ് നെഹ്റു കുടുംബത്തിന്‍റെ അഴിമതിയെ കുറിച്ച് ചോദിക്കാത്തതെന്ന് നരേന്ദ്രമോദി ചോദിച്ചു.

എന്നാല്‍ ചോദ്യങ്ങളില്‍ നിന്ന് വിദഗ്ധമായി ഒളിച്ചോടുകയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. റാഫേല്‍ കരാറിലൂടെ അനില്‍ അംബാനിക്ക് നേട്ടമുണ്ടാക്കി കൊടുത്തുവെന്ന ആരോപണം കളവാണോയെന്നായിരുന്നു നരേന്ദ്രമോദിയോട് ചോദിച്ചത്.

സുപ്രീംകോടതിയിൽ വിശ്വസമില്ലാത്തവരാണ് നിങ്ങളുടെ ചാനലുകാരെങ്കിൽ അതിനേക്കാൾ വലിയ അക്രമം ഇനിയെന്താണുള്ളതെന്ന് മോദി തിരിച്ച് ചോദിച്ചു. നിങ്ങൾക്ക് സി.എ.ജിയിൽ വിശ്വാസമില്ല, ഫ്രാൻസിന്റെ പ്രസിഡന്റ് പറഞ്ഞതിൽ വിശ്വാസമില്ല, കേന്ദ്ര ഗവൺമെന്റ് തന്നെ പാർലമെന്റിൽ ഇതേകുറിച്ച് പലവട്ടം വിശദീകരണം നൽകി. ഇതൊന്നും ചെവികൊടുക്കാതെ പക്ഷാപാതപരമായാണ് നിങ്ങൾ വാർത്തകൾ ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ എവിടെയെങ്കിലും ഒരു വ്യാജ വാർത്ത കിട്ടിയാൽ പ്രധാന തലക്കെട്ടാക്കി കൊടുക്കുന്നവരാണ് നിങ്ങള്‍. ഒരു കള്ളവാര്‍ത്തയെ കുറിച്ച് പ്രധാനമന്ത്രിയോട് ഇത്തരം ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ള നിങ്ങള്‍ ഗാന്ധി കുടുംബത്തിന്‍റെ അഴിമതിയെ കുറിച്ച് എന്താണ് ചോദിക്കാത്തതെന്നും മോദി വിമര്‍ശിച്ചു.