LiveTV

Live

National

മധ്യപ്രദേശില്‍ റെയ്ഡിനിടെ സി.ആര്‍.പി.എഫും പൊലീസും തമ്മില്‍ വാക്കേറ്റം

റെയ്ഡ് നടക്കുന്ന സ്ഥലത്ത് പൊലീസിനെ പ്രവേശിപ്പിക്കാനാകില്ലെന്ന് സി.ആര്‍.പി.എഫ് നിലപാട് എടുത്തതോടെയാണ് പരസ്യവാക്കേറ്റം ഉണ്ടായത്

മധ്യപ്രദേശില്‍ റെയ്ഡിനിടെ സി.ആര്‍.പി.എഫും പൊലീസും തമ്മില്‍ വാക്കേറ്റം

മധ്യപ്രദേശില്‍ ആദായനികുതി വകുപ്പ് റെയ്ഡിനിടെ സി.ആര്‍.പി.എഫും പൊലീസും തമ്മില്‍ വാക്കേറ്റം. റെയ്ഡ് നടക്കുന്ന സ്ഥലത്ത് പോലീസിനെ പ്രവേശിപ്പിക്കാനാകില്ലെന്ന് സി.ആര്‍.പി.എഫ് നിലപാട് എടുത്തതോടെയാണ് പരസ്യവാക്കേറ്റം ഉണ്ടായത്. അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു.

അമ്പത് ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് ഒരേസമയം റെയ്ഡ് നടത്തിയത്. ഇതില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായി പ്രവീണ്‍ കക്കാറിന്‍റെയും ബന്ധുക്കളുടെയും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മധ്യപ്രദേശ് പൊലീസിനെ അറിയിക്കാതെ നടന്ന റെയ്ഡില്‍ സി.ആര്‍.പി.എഫ് ആണ് സുരക്ഷക്കായി എത്തിയത്. എന്നാല്‍ റെയ്ഡിനിടെ എത്തിയ മധ്യപ്രദേശ് പോലീസിനെ സി.ആര്‍.പി.എഫ് തടഞ്ഞു. ഇതോടെയാണ് പരസ്യവാക്കേറ്റം ഉണ്ടായത്.

റെയ്ഡില്‍ ഇടപെടുന്നില്ലെന്നും കെട്ടിടത്തിലെ താമസക്കാര്‍ വൈദ്യ സഹായത്തിനായി വിളിച്ചതിനാലാണ് എത്തിയതെന്നും മധ്യപ്രദേശ് പൊലീസ് പറ‍ഞ്ഞു. എന്നാല്‍ ജോലി ചെയ്യാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും റെയ്ഡ് കഴിയാതെ ആരെയും കടത്തിവിടില്ലെന്നും സി.ആര്‍.പി.എഫ് വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. ബി.ജെ.പി കോടികള്‍ ചെലവഴിക്കുന്നത് അന്വേഷിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ 9 കോടി രൂപ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.